
തന്റെ ഇടതുപക്ഷ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. അടുത്തിടെ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ 'അറബിക്കടൽ' പരാമർശത്തിനെതിരെ അദ്ദേഹം രംഗത്ത് വന്നത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എന്നാൽ ഇപ്പോൾ, നാളെ നടക്കാൻ പോകുന്ന വോട്ടെണ്ണലിനെ കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കുകയാണെങ്കിലും തോൽക്കുകയാണെങ്കിലും '941 പഞ്ചായത്തുകളിലും അവിടുത്തെ ഏല്ലാ വാർഡുകളിലും' കമ്മ്യൂണിസ്റ്റ് കൊടി പാറിക്കളിക്കുമെന്നും തന്റെ കുറിപ്പിലൂടെ അദ്ദേഹം പറയുന്നു.
കുറിപ്പ് ചുവടെ:
'തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും 941 പഞ്ചായത്തുകളിലും അവിടുത്തെ ഏല്ലാ വാർഡുകളിലും ഈ കൊടി ഇങ്ങിനെ പാറി കളിക്കും. ജനങ്ങളുടെ പ്രശ്നങ്ങളും തലയിൽ പേറി, പാവപ്പെട്ട മനുഷ്യർക്കുള്ള പൊതി ചോറുമായി കൂറെ സഖാക്കളും. ജയം എത്ര സഖാക്കളെ കണ്ടതാണ്. സഖാക്കൾ എത്ര തോൽവിയെ കണ്ടതാണ്.'