
അശ്രദ്ധയും വേഗത്തിൽ കഴിക്കുന്നതുമെല്ലാം ഭക്ഷണം തൊണ്ടയിൽ കുടുങ്ങാൻ സാദ്ധ്യത കൂട്ടുന്നു. ഇത്തരം അപകടത്തിൽ പെടുന്നതിൽ ഏറെയും കുട്ടികളാണ് . സംസാരിക്കാൻ കഴിയാതെ വരിക, നിറുത്താതെയുള്ള ചുമ, ശരീരം നന്നായി വിയർക്കുക, കൈകാലുകൾ നീലനിറമാകുക, അബോധാവസ്ഥയിലാകുക തുടങ്ങിയവയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങുമ്പോഴുള്ള ലക്ഷണങ്ങൾ. തൊണ്ടയിലെ ലാരിങ്സ്, ട്രക്കിയ, ബ്രോങ്ക്സ് തുടങ്ങിയ ഭാഗങ്ങളിൽ എവിടെയും ഭക്ഷണം തടയാം. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ കുട്ടികൾ ബോധാവസ്ഥയിലാണെങ്കിൽ പ്രഥമ ശുശ്രൂഷ എന്ന നിലയിൽ കയ്യിൽ കമഴ്‌ത്തി കിടത്തി സാവധാനം പുറത്ത് തട്ടിക്കൊടുക്കുക. ഭക്ഷണം പുറത്തേക്ക് വരുന്നില്ലെങ്കിൽ വേഗം ആശുപത്രിയിൽ എത്തിക്കുക. അബോധാവസ്ഥയിലാണെങ്കിൽ പ്രഥമശുശ്രൂഷയ്‌ക്ക് തുനിയാതെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക. ഭക്ഷണം വിഴുങ്ങാതെ, നന്നായി ചവച്ചരച്ച് സാവധാനം കഴിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. ധൃതിയിൽ ഭക്ഷണം കഴിക്കരുത്. മുതിർന്നവരും കുട്ടികളും ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്ന ശീലം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.