
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ 8.15 മുതൽ ലഭിച്ച് തുടങ്ങും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതകർക്കുള്ള സ്‌പെഷ്യൽ തപാൽ വോട്ടകളുമുണ്ട്. രണ്ടേമുക്കാൽ ലക്ഷം വോട്ടുകളാണ് ഇത്തരത്തിലുള്ളത്.
തിരഞ്ഞെടുപ്പിൽ 76.04 ശതമാനമായിരുന്നു പോളിങ്. ത്രിതലപഞ്ചായത്തുകളിലെ വോട്ടുകൾ ബ്ലോക്കുകളിലാണ് എണ്ണുന്നത്. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്. ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ പുറത്തുവരും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ. കൗണ്ടിംഗ് ഓഫീസർമാർ കയ്യുറയും മാസ്‌കും ഫേസ് ഷീൽഡും ധരിച്ചിട്ടുണ്ട്. കൗണ്ടിംഗ് ഹാളിൽ എത്തുന്ന സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം.
ഉച്ചയോടെ എല്ലാഫലങ്ങളും പുറത്തുവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫലം അറിയുമ്പോഴുള്ള ആഹ്ലാദപ്രകടനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദേശിച്ചു.