
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തിരുവനന്തപുരത്തെ വർക്കല,നെയ്യാറ്റിൻകര മുൻസിപ്പാലിറ്റികളിൽ എൽ ഡി എഫ് രണ്ട് സീറ്റിൽ ലീഡ് ചെയ്യുകയാണ്. പാലാ മുൻസിപ്പാലിറ്റിയിലും എൽ ഡി എഫ് ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ പതിനേഴ് വാർഡുകളിലാണ് എൽ ഡി എഫ് മുന്നേറ്റം. യു ഡി എഫ് നാല് വാർഡുകളിലും എൻ ഡി എ മൂന്ന് വാർഡുകളിലുമാണ് ലീഡ് ചെയ്യുന്നത്..
ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ എൽ ഡി എഫ് നാല് സീറ്റുകളിൽ മുന്നിലാണ്. പത്തനംതിട്ട നഗരസഭയിലും ഇടതുപക്ഷത്തിന് അനുകൂലമാണ് തപാൽ വോട്ടുകൾ. കട്ടപ്പനയിൽ ഒരു വാർഡിൽ യു ഡി എഫും ഒരു വാർഡിൽ സ്വതന്ത്രനുമാണ് ലീഡ് ചെയ്യുന്നത്.
കൊല്ലം കോർപ്പറേഷനിൽ എൽ ഡി എഫിന് എട്ട് സീറ്റിലും യു ഡി എഫിന് രണ്ട് സീറ്റിലുമാണ് ലീഡ്. മാവേലിക്കര മുൻസിപ്പാലിറ്റിയിലും വ്യക്തമായ ലീഡ് എൽ ഡി എഫിനുണ്ട്. കരനാഗപ്പളളി മുൻസിപ്പാലിറ്റിയിലും എൽ ഡി എഫിനാണ് മുൻതൂക്കം. ചാവക്കാട് മുൻസിപ്പാലിറ്റിയിൽ എൽ ഡി എഫും യു ഡി എഫിനും ഒപ്പത്തിനൊപ്പമാണ്. കൊച്ചി കോർപ്പറേഷനിൽ ഫലസൂചനകൾ യു ഡി എഫിന് അനുകൂലമാണ്. ചങ്ങനാശേരി മുൻസിപ്പാലിറ്റിയിൽ എൻ ഡി എയാണ് ലീഡ് ചെയ്യുന്നത്. വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ യു ഡി എഫിന് തപാൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യമാണ്.