40-year-old-woman

അഹമ്മദാബാദ്: ഭർത്താവും ബന്ധുക്കളും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നാൽപതുകാരി പൊലീസിൽ പരാതി നൽകി. അഹമ്മദബാദിലാണ് സംഭവം. ഭർത്താവിന് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും, അയാളുടെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തന്നെ നിർബന്ധിക്കുന്നുവെന്നുമാണ് നാൽപതുകാരിയുടെ ആരോപണം.


അഹമ്മദാബാദിലെ എസ്ജി റോഡിന് സമീപം താമസിക്കുന്ന സ്ത്രീയാണ് മഹിളാ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. 2004 ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് പതിനൊന്ന് വയസുള്ള ഒരു മകനുണ്ട്. തങ്ങളുടെ കുടുംബ ജീവിതം നല്ല രീതിയിലായിരുന്നുവെന്നും, മൂന്ന് വർഷം മുമ്പാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്നും നാൽപതുകാരി പരാതിയിൽ പറയുന്നു.

2017ലാണ് ഭർത്താവിന് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതെന്ന് നാൽപതുകാരി പരാതിയിൽ പറയുന്നു. ഇതോടെ വീട്ടിൽ കലഹം പതിവായി. കൂടാതെ ആ സംഭവത്തിന് ശേഷം അയാളുടെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കാറുണ്ടെന്നും, എതിർത്തപ്പോൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു.

ഭർത്താവിന്റെ ബന്ധുക്കളും തന്നെ ഉപദ്രവിക്കാറുണ്ടെന്ന് നാൽപതുകാരി പരാതിയിൽ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ തന്നെ അറിയിക്കാതെ അവ‌ർ മകനെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റിയെന്നും, അന്വേഷിച്ച് ചെന്നപ്പോൾ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതായും ഇവർ ആരോപിക്കുന്നു. ജൂലായിൽ ഭർത്താവ് മുറിയിൽ നിന്ന് പുറത്താക്കിയെന്നും, അന്നുമുതൽ അതേ വീട്ടിൽ മകന്റെ മുറിയിൽ താമസിക്കുകയാണെന്നും പരാതിക്കാരി പറയുന്നു.