
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ വയൽക്കിളികൾ തോറ്റു. തളിപ്പറമ്പ് നഗരസഭയിലെ ഉറച്ച ഇടതുപക്ഷ വാർഡായ കീഴാറ്റൂരിൽ (വാർഡ് 30) വയൽക്കിളി സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത പടിഞ്ഞാറേക്കരയാണ് പരാജയപ്പെട്ടത്. കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപാസ് നിർമ്മിക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ സമരമാണ് വയൽക്കിളി സമരം. സി.പി.എം പ്രവർത്തകർ നേതൃത്വം നൽകിയ വയൽക്കിളികളെന്ന സംഘടനയാണ് സമരരംഗത്തേക്ക് ആദ്യം വന്നത്.
കഴിഞ്ഞ തവണ 600 ലേറെ പേർ വോട്ട് ചെയ്‌പ്പോൾ 400 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർത്ഥി കീഴാറ്റൂരിൽ വിജയിച്ചത്. കോൺഗ്രസിന് 92 വോട്ടും ബി.ജെ.പിയ്ക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്.