cbi

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം പുനരാവിഷ്‌കരിച്ച് സി. ബി. ഐ സംഘം അന്വേഷണം ആരംഭിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള പി. നന്ദകുമാരൻ നായരുടെയും അന്വേഷണ ഉദ്യോഗസ്ഥനായ ടി.പി. അനന്തകൃഷ്ണന്റെയും നേതൃത്വത്തിലുള്ള 10 അംഗസംഘമാണ് ഇന്നലെ രാവിലെ 11 മണിയോടെ പെരിയ കല്ല്യോട്ട് എത്തി ഇരട്ടക്കൊലപാതകം പുനരാവിഷ്‌കരിച്ചത്. നാട്ടുകാരായ 10 പേരെ സംഘടിപ്പിച്ചാണ് അത് നിർവഹിച്ചത്.


കല്ല്യോട്ട് തണ്ണിത്തോട് റോഡിലെ കൂരാങ്കരയിൽ കാട്ടിനുള്ളിൽ മറഞ്ഞിരുന്ന കൊലയാളി സംഘം ബൈക്ക് തടഞ്ഞുനിറുത്തി ചാടിവീണാണ് കൊല നടത്തിയത്. ബൈക്കിന്റെ പിറകിൽ ഇരുന്ന ശരത് ലാലിനെ ആദ്യം വെട്ടി. ബൈക്ക് ഓടിച്ചിരുന്ന കൃപേഷ് വെട്ടുകൊണ്ട് ഓടുന്നതിനിടെ പിറകെ ഓടിയാണ് വെട്ടിക്കൊന്നത്. സി.ബി.ഐ സംഘം കല്ല്യോട്ട് എത്തിയ ഉടനെ കൊലപാതകം അതേപോലെ പുനരാവിഷ്‌കരിക്കുകയായിരുന്നു. നാട്ടുകാരായ എട്ടുപേരെയാണ് ഇതിനായി ചട്ടംകെട്ടിയിരുന്നത്. ഇവർ മുഖംമൂടി ധരിച്ചു റോഡരികിൽ കാത്തുനിന്നു. കാർഡ്‌ബോർഡ് കൊണ്ടാണ് വാളുണ്ടാക്കിയത്. മുഖംമൂടി സി.ബി.ഐ കൊണ്ടുവന്നിരുന്നു. വടികളും ബൈക്കും കല്ല്യോട്ട് നിന്ന് സംഘടിപ്പിച്ചു. കല്ല്യോട്ട് സ്വദേശികളായ ശ്രീരാജും രവിയും കൃപേഷ് ആയും ശരത് ലാൽ ആയും ബൈക്ക് ഓടിച്ചുവന്നു. പെരിയ സ്വദേശികളായ മണി, വിനോദ്, കല്ല്യോട്ട് സ്വദേശികളായ സുഭാഷ്, ആനന്ദ്, സുജീബ്, രമേശൻ, മഹേഷ്, അഖിലേഷ് എന്നിവരാണ് കൊലയാളി വേഷം കെട്ടിയത്. വെട്ടേറ്റു കിടന്ന ശരത്ത് ലാലിനെ ജീപ്പിൽ ആശുപത്രിയിലെത്തിച്ചതും നാട്ടുകാരുടെ സഹായത്തോടെ പുനരാവിഷ്‌കരിച്ചു.


ശരത്ത് ലാലിന്റെ അമ്മാവൻ ദാമോദരനും കൃപേഷിനെ ആദ്യം കണ്ട ശ്രീകാന്തും സി.ബി.ഐ സംഘത്തിനു മുന്നിൽ അനുഭവം വിവരിച്ചു. യുവാക്കൾ വെട്ടേറ്റു വീണ സ്ഥലം, കൊലപാതകം നടത്തിയ ആയുധങ്ങൾ കണ്ടെത്തിയ ആൾതാമസം ഇല്ലാത്ത വീടും പറമ്പും പൊട്ടക്കിണറും സി.ബി.ഐ സംഘം പരിശോധിച്ചു. ഇവിടങ്ങളിലേക്കുള്ള ദൂരം അളന്നു തിട്ടപ്പെടുത്തി. സംഘം ഉച്ചയ്ക്കു രണ്ടു മണിയോടെ ശരത് ലാലിന്റെയും പിന്നീട് കൃപേഷിന്റെയും വീടുകളിൽ എത്തിയും തെളിവെടുത്തു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ എസ്.പി പി. നന്ദകുമാരൻ നായർ നാട്ടുകാരുടെയും ദൃക്സാക്ഷികളുടെയും സഹായം അഭ്യർത്ഥിച്ചു.

തെളിവുകൾ നൽകാൻ മടിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ശരത് ലാലിന്റെയും കൃപേഷിന്റയും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയും കൊലപാതകം ആസൂത്രണം ചെയ്ത ശക്തികളെയും സംബന്ധിച്ചാവും പ്രധാനമായും അന്വേഷിക്കുക. സി.പി.എം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ. പീതാംബരൻ, ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ എന്നിവർ ഉൾപ്പടെ 14 സി.പി.എം പ്രവർത്തകരാണ് ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിലെ പ്രതികൾ. ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന കൊലയ്ക്കു പിന്നിലുണ്ടെന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കളുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയും സുപ്രീംകോടതിയും സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയത്. 2019 ഫെബ്രുവരി 17 ന് സന്ധ്യയ്ക്കാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്‌.