kodiyeri

കണ്ണൂർ: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റേത് ഐതിഹാസികമായ വിജയമാണെന്ന് സി.പി.എം പോളി‌റ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. യുഡിഎഫും ബിജെപിയും നടത്തി വന്ന കള‌ള പ്രചാരവേലകളെല്ലാം തകർന്നടിയുന്ന കാഴ്‌ചയാണ് കാണുന്നത്. ഇടതുപക്ഷത്തെ കേരളത്തിൽ നിന്ന് ഇല്ലാതാക്കും എന്നുപറഞ്ഞാണ് ഈ ഇരു മുന്നണികളും പ്രചാരണം നടത്തിയത്. പക്ഷെ കേരളത്തിലെ ജനങ്ങൾക്കിടയിൽ നിന്നും ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി വലിയ മുന്നേ‌റ്റം നടത്തിയോ എന്ന ചോദ്യത്തിന് അവസാന ഫലം വന്നാൽ മാത്രമേ അത്തരത്തിൽ അനുമാനത്തിലെത്താനാകൂ എന്ന് കോടിയേരി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഗ്രാമങ്ങളിലും മുനിസിപ്പാലി‌റ്റികളിലും കോർപറേഷനുകളിലും എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ തിരഞ്ഞെടുപ്പിൽ നേടാനായി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഈ തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുമെന്ന് കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എൽ.ഡി.എഫ് മുന്നോട്ട് വച്ച നയങ്ങൾക്കുള‌ള അംഗീകാരമാണിതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. എൽ.ഡി.എഫിന്റെ രാഷ്‌ട്രീയ, വികസന നയങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഈ ജനവിധി. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തിയ ശ്രമങ്ങൾക്കുള‌ള തിരിച്ചടികൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ നൽകിയിരിക്കുന്നതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത് യുഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും മന്ത്രി അവകാശപ്പെട്ടു.