ashokan

വർഷങ്ങൾക്ക് മുമ്പ് മയക്കുമരുന്ന് ബന്ധമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ജയിലിലായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ അശോകൻ. യൂട്യൂബ് വീഡിയോയിലൂടെയാണ് അദ്ദേഹം നടക്കുന്ന ഓർമകൾ പങ്കുവച്ചത്. 1988ൽ ഖത്തർ സന്ദർശിച്ചപ്പോഴായിരുന്നു സംഭവം.

"1988ൽ ഖത്തറിൽ ഞാനൊരു സൗഹൃദ സന്ദർശനത്തിന് പോയതായിരുന്നു. അവിടെവച്ചുണ്ടായ ആ സംഭവം ഇപ്പോഴും നടുക്കത്തോടെയാണ് ഓർക്കുന്നത്. അന്ന് ഒരു സുഹൃത്തിന്റെയടുത്ത് നിന്ന് ഡിന്നർ കഴിഞ്ഞ് ഞാൻ താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. എന്റെ കൂടെ അവിടെയുള്ള സുഹൃത്തുണ്ടായിരുന്നു.

ഹോട്ടലിൽ എത്തി, മുറിയുടെ താക്കോലെടുത്ത് തുറക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പെട്ടെന്ന് എവിടെനിന്നോ അറബി ഡ്രസിൽ രണ്ടുമൂന്ന് പേർ വന്നു. അവർ എന്റെ താക്കോൽ വാങ്ങി മുറി തുറന്നു. തുടർന്ന് അവർ ഞങ്ങളെ മുറിയിൽ കൊണ്ടുപോയി, ഒരു മൂല കണിച്ച് അവിടെ ഇരിക്കാൻ പറഞ്ഞു. എന്നിട്ട് മുറി പൂട്ടി. രാത്രി ഒരുമണിയായിക്കാണും.എന്താണ് സംഭവമെന്ന് ഒരു പിടിയുമില്ല. അന്യനാടല്ലേ. അവർ ഞങ്ങളുടെ മുറി മുഴുവൻ പരിശോധിച്ചു.

ഞങ്ങൾ പേടിച്ചിരിക്കുകയാണ്. എന്തോ അബദ്ധം സംഭവിച്ചിട്ടുണ്ടെന്ന് തോന്നി. അറബിനാടാണ്, നമ്മുടെ രാജ്യമല്ല. ഒരുമണിക്കൂറിന് ശേഷം ഖത്തറിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് അവർ സിഐഡികളാണ്. രണ്ട് സെല്ലുകളിലായി ഞങ്ങളെ അടച്ചു. എന്ത് ലോകമാണ്, സ്വപ്‌നമാണോ എന്ന് ചിന്തിച്ചു. ഇനി ജീവിതത്തിൽ പുറത്തിറങ്ങാൻ കഴിയില്ലെന്ന് തോന്നി. സെല്ലിൽ കിടന്ന് കരയുകയെന്നല്ലാതെ വേറെ മാർഗമില്ലായിരുന്നുവെന്ന് താരം പറയുന്നു.

സ്‌പോൺസർ ഓഫീസർമാരുടെ മുറിയിലേക്ക് കൊണ്ടുപോയപ്പോഴാണ് സത്യമെന്താണെന്ന് അറിയുന്നതെന്നും അദ്ദേഹം പറയുന്നു. ഞാൻ ഡ്രഡ് അഡിക്ടായുള്ള ഒരു സിനിമയിലെ സ്റ്റിൽസ് ആരോ അയച്ചുകൊടുത്തു. ഒരുപക്ഷേ സുഹൃത്തിന്റെ ശത്രുക്കളോ മറ്റോ ആകാം. ശരിക്കുമുള്ള കഞ്ചാവ് ബിസിനസുകാരോ ഏജന്റാണോയെന്ന് കരുതിയാണ് അവർ കസ്റ്റഡിയിലെടുത്തതെന്ന് അശോകൻ പറഞ്ഞു.

ജയിലിൽ നിന്ന് റിലീസ് ആകാൻ കാരണം മറ്റൊരു സിനിമയാണെന്നും താരം പറയുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കിയ അനന്തരം. അതിനകത്തും ഒരു ഡ്രഗ് അഡിക്ടായ കഥാപാത്രമാണ്. സിനിമയെ കുറിച്ച് അവിടത്തെ ഒരു പത്രത്തില്‍ ഉണ്ടായിരുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന പത്രവാര്‍ത്ത. എന്നെ കുറിച്ചും വിശദീകരിച്ച് എഴുതിയിട്ടുണ്ട്. സ്‌പോണ്‍സര്‍ അത് പൊലീസുകാര്‍ക്ക് കാണിച്ച് കൊടുത്തതോടെയാണ് പുറത്തിറങ്ങിയതെന്ന് താരം കൂട്ടിച്ചേർത്തു.