eee

1980നുശേഷം ജനിച്ച തലമുറയെ പാശ്ചാത്യരാജ്യങ്ങളിൽ ഡിജിറ്റൽ നേറ്റീവ്സ് എന്നാണ് വിശേഷിപ്പിക്കുന്നത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ഐപോഡ്, ഐപാഡ്, സ്‌മാർട്ട് വാച്ച് എന്നുവേണ്ട, ചുറ്റുമുള്ള സകല ഉപകരണങ്ങളും ഡിജിറ്റലായി മാറിയ കാലത്ത് ഈ തലമുറ ശീലിച്ചത് പൂർണ്ണമായും ഡിജിറ്റൽ ജീവിതരീതിയാണ്.ഇന്ത്യയിൽ തൊണ്ണൂറുകളുടെ രണ്ടാംപാതിയിൽ ജനിച്ചവരെ ഇക്കൂട്ടത്തിലെ ഒന്നാം തലമുറയായി കണക്കുകൂട്ടാം. ആശയവിനിമയത്തിനായി പൂർണ്ണമായും ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്ന ഈ പുത്തൻ തലമുറയാണ് മീമുകളെ ആശയവിനിമയത്തിനും ആവിഷ്‌കാരത്തിനുമുള്ള ഉപാധി ആക്കി മാറ്റി. പ്രചരിപ്പിക്കുന്നതിൽ മുമ്പിൽ. ഇന്റർനെറ്റ് എന്ന മാദ്ധ്യമത്തിലൂടെ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ആശയമോ, പ്രവൃത്തിയോ, വാചകമോ, പ്രയോഗമോ, ചിത്രമോ, ചലന ചിത്രമോ, വീഡിയോ ക്ലിപ്പുകളോ ഇന്റർനെറ്റ് മീമുകളായി പരിഗണിക്കാം. ഇത് പലപ്പോഴും ചെറുതമാശകളോ നർമ്മരസം പൂണ്ട വിമർശനങ്ങളോ ആകാം. ചിലപ്പോൾ മനപ്പൂർവ്വമായി വരുത്തുന്ന അക്ഷരപ്പിശകുകളിലൂടെയും വ്യാകരണലംഘനത്തിലൂടെയും പുതിയ ആശയവും അർത്ഥവും വിനിമയം ചെയ്യുന്നവയാകും ഇന്റർനെറ്റ് മീമുകൾ. ഒരു ഇന്റർനെറ്റ് മീം തനതുരൂപത്തിൽ നിലനിൽക്കുകയോ മാറ്റങ്ങൾക്ക് വിധേയമായി പുതിയ രൂപഭാവങ്ങളും അർത്ഥവും സ്വീകരിക്കുകയോ ചെയ്യാം. വ്യക്തികളുടെ സാമൂഹിക ഇടപെടലുകൾ, ജനപ്രിയ സംസ്‌കാരം,പൊതുബോധം എന്നിവയുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് ഫോറങ്ങൾ, ചാറ്റ് റൂമുകൾ,മെയിലുകൾ,ബ്ലോഗുകൾ,സമൂഹ മാദ്ധ്യമങ്ങൾ എന്നിവയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകമെമ്പാടും പ്രചരിക്കാൻ ഇന്റർനെറ്റ് മീമുകൾക്കാകുന്നു.

eee

ഇന്റർനെറ്റ് മീം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് 1993 ൽ Wired എന്ന അമേരിക്കൻ മാഗസിനിൽ എഴുതിയ ലേഖനത്തിൽ മൈക്ക് ഗോഡ്വിൻ ആണ്. ജൈവപരിണാമത്തിലെ ജീനുകളിൽ നിന്നും സെൽഫിഷ് ജീൻ എന്ന പുസ്തകത്തിലെ മീം എന്ന കണ്ടെത്തലിൽ നിന്നും വ്യത്യസ്തമായ അസ്തിത്വം ഇന്റർനെറ്റ് മീമുകൾക്കുണ്ടെന്ന് 2013ൽ റിച്ചാർഡ് ഡോക്കിൻസ് വാദിച്ചു. മനുഷ്യന്റെ സർഗ്ഗാത്മകത കൊണ്ട് മനപ്പൂർവ്വം മാറ്റങ്ങൾ വരുത്തുന്ന മീമുകളാണ് ഇന്റർനെറ്റ് മീമുകൾ എന്നായിരുന്നു ഡോക്കിൻസിന്റെ വാദം. ആദ്യ ആശയത്തെ അട്ടിമറിച്ച് തീർത്തും വ്യത്യസ്തമായ മറ്റൊരു ദിശയിൽ പുതിയ ആശയവും അസ്‌തിത്വവും നിലനിൽപ്പും രൂപപ്പെടുത്തുന്ന ഇന്റർനെറ്റ് മീമുകൾക്ക് മറ്റു മീമുകൾക്കില്ലാത്ത മറ്റൊരു പ്രധാന സവിശേഷത കൂടി ഉണ്ടെന്ന് ഡോക്കിൻസ് നിരീക്ഷിച്ചു. ഏത് മാമത്തിലൂടെയാണോ ഇന്റർനെറ്റ് മീമുകൾ പ്രചരിക്കപ്പെടുന്നത് എന്നതിന്റെ അടയാളങ്ങൾ (Foot Prints) പൂർണ്ണമായും പിന്തുടർന്ന് കണ്ടെത്തി വിശകലനം ചെയ്യാനാകും എന്നതാണ് ഇന്റർനെറ്റ് മീമുകളുടെ പ്രത്യേകതയായി ഡോക്കിൻസ് കണ്ടത്.

മനുഷ്യന്റെ സർഗാത്മകത കൊണ്ട് മനപ്പൂർവ്വം മാറ്റങ്ങൾ വരുത്തുന്ന മീമുകളാണ് ഇന്റർനെറ്റ് മീമുകൾ എന്ന് പറഞ്ഞല്ലോ.പക്ഷേ ഇന്റർനെറ്റ് മീം ഒരു തനത് കലാരൂപമാണെന്ന് പറയാനാകില്ല. പ്രശസ്തമായ ഗാനങ്ങളുടെ പാരഡി പോലെ, മിമിക്രി താരങ്ങൾ സിനിമാതാരങ്ങളുടെ ശബ്ദവും രൂപഭാവങ്ങളും അനുകരിക്കുന്നതു പോലെ, നമ്മുടെ പഴയ ഏതോ അറിവിനെയോ അനുഭൂതിയെയോ ഉപജീവിക്കുകയും ഓർമ്മപ്പെടുത്തുകയും പരാമർശിക്കുകയും ചെയ്യുന്നവയാണ് ഓരോ മീമുകളും. ഇത്തരത്തിൽ പഴയ ഒരു ഓർമ്മയെ,സംഭവത്തെ അദൃശ്യമായെങ്കിലും പരാമർശിക്കാത്തതും വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാത്തതുമായ ഒരു പുതിയ ആശയം മീം എന്ന ഗണത്തിൽ കൂട്ടാനാകില്ല.

മലയാളികളുടെ ട്രോൾ പേജുകൾക്കും ഇന്റർനെറ്റ് മീമുകളിലൂടെയുള്ള ആക്ഷേപഹാസ്യത്തിനും ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങി അതിസമ്പന്നമായ നമ്മുടെ ആക്ഷേപഹാസ്യ പാരമ്പര്യത്തോളം പഴക്കമുണ്ട്.പണ്ഡിതരായ സദസിനുമുന്നിൽ നിലവാരമുള്ള ഫലിതവും വിമർശനവും അവതരിപ്പിച്ച ചാക്യാർ കൂത്തിൽ നിന്നും വിമതകലയായ തുള്ളൽ ഉടലെടുക്കുകയും കൂടുതൽ ജനപ്രിയമാകുകയും ചെയ്തു. ഏത് സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയായിരുന്നു തുള്ളൽക്കഥകളുടെ പ്രത്യേകത. കുഞ്ചൻ നമ്പ്യാർക്കു ശേഷം സാഹിത്യത്തിൽ ഇ.വി. കൃഷ്‌ണപിള്ളയും സഞ്ജയനും നടത്തിയ ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമൂഹ്യവിമർശനം മറ്റൊരു രൂപത്തിൽ ഏറ്റെടുത്തത് മലയാളത്തിലെ കാർട്ടൂണിസ്റ്റുകളായിരുന്നു.

കുറഞ്ഞ വരകളിലും കുറിക്കുകൊള്ളുന്ന വാക്കുകളിലും സാമൂഹ്യവിമർശനം നടത്തുന്ന കാർട്ടൂണുകൾക്കു പിന്നാലെ മിമിക്രിയിലൂടെയും ടെലിവിഷൻ ആക്ഷേപഹാസ്യപരിപാടികളിലൂടെയും ഹാസ്യാധിഷ്‌ഠിതമായ സാമൂഹിക വിമർശനങ്ങൾക്ക് പിന്നെയും രൂപഭാവ പരിണാമം സംഭവിച്ചു. ആ ശ്രേണിയിലെ നവമാധ്യമ ആവിഷ്‌കാരമാണ് സൈബർ ഇടത്തിലെ ട്രോളുകളും മീമുകളും. ഏറ്റവും ജനപ്രിയമായ വിനോദമാധ്യമമെന്ന നിലയിൽ മലയാളസിനിമ കാലങ്ങളായി രൂപീകരിച്ച അനുഭവാവിഷ്‌കാരങ്ങളിലൂടെ കേരളത്തിലെ പൊതുസമൂഹം ആർജിച്ചെടുത്ത ഒരുപാട് ഓർമ്മകളുണ്ട്. പൊതുബോധവിജ്ഞാനമെന്നു വിളിക്കാവുന്ന ഈ ഓർമ്മകളാണ് പുതിയ കാലത്തെ ഏറ്റവും സർഗാത്മകവും വിമർശനാത്മകവുമായ ജനപ്രതികരണങ്ങൾ എന്ന നിലയിലേക്ക് വളർന്ന ട്രോളുകളുടേയും മീമുകളുടേയും സർഗാത്മക മൂലധനം.സമകാലിക സന്ദർഭത്തിന് യോജിച്ച മീമുകൾ സിനിമയിൽ നിന്നോ ജനപ്രിയസംസ്‌കാരത്തിൽ നിന്നോ കണ്ടെത്തി സർഗാത്മകമായി ബന്ധിപ്പിക്കുന്ന ഈ പ്രകിയ നിലവിലെ രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെ ജനമനസിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള ഇമേജുകളുമായി ബന്ധിപ്പിക്കുന്ന കാർട്ടൂണിസ്റ്റിന്റെ ചിന്തയുമായി ഏറ്റവും അടുത്തുനിൽക്കുന്നു.