twenty-20

കൊച്ചി : പ്രമുഖ മുന്നണികളെ തോൽപ്പിച്ച് കിഴക്കമ്പലത്തിൽ അധികാരം പിടിച്ചെടുത്ത് ഭരണത്തിൽ ജനകീയ മാതൃകയിലൂടെ സംസ്ഥാനമാകെ ശ്രദ്ധ പിടിച്ചുപറ്റിയ ട്വന്റി 20ക്ക് ഈ തിരഞ്ഞെടുപ്പിലും മികച്ച വിജയം. ആദ്യമായി അഞ്ച് പഞ്ചായത്തുകളിൽ ട്വന്റി 20 മത്സരത്തിനിറങ്ങുകയായിരുന്നു. ഇതിൽ ഐക്കരനാട്ടിൽ മിന്നും ജയമാണ് അവർ സ്വന്തമാക്കിയത്.


നിലവിൽ എൽ ഡി എഫായിരുന്നു പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. ഐക്കരനാട്ടിൽ കന്നിയങ്കത്തിൽ എല്ലാ വാർഡും ജയിച്ച് കയറാനായത് ട്വന്റി 20യുടെ പ്രസക്തി രാഷ്ട്രീയ കേരളത്തിൽ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.

ഐക്കരനാടിനു പുറമേ ട്വന്റി 20 മത്സരിച്ച മറ്റു നാല് പഞ്ചായത്തിലും മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ പുറത്ത് വന്ന ഫലങ്ങളിൽ 90 ശതമാനവും ട്വന്റി 20 കരസ്ഥമാക്കിയിരിക്കുകയാണ്. കിഴക്കമ്പലം, വെങ്ങോല, ഐക്കരനാട്, മഴുവന്നൂർ, കുന്നത്ത് നാട് എന്നീ പഞ്ചായത്തുകളിലാണ് ട്വന്റി 20 മത്സരിക്കുന്നത്. കിഴക്കമ്പലത്തിൽ നിന്നും കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുവാനുള്ള കരുത്ത് നേടുകയാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ട്വന്റി ട്വന്റി. ജനകീയമായ നിരവധി പദ്ധതികളിലൂടെ രാജ്യമാകമാനും ശ്രദ്ധേയമായ കിഴക്കമ്പലം മോഡൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് കിഴക്കമ്പലത്ത് നിർണായക ശക്തിയായി വളർന്ന ട്വന്റി ട്വന്റിയെ കെട്ടുകെട്ടിക്കാൻ ഇക്കുറി എൽ ഡി എഫും യു ഡി എഫും സംയുക്ത സ്ഥാനാർത്ഥിയെ നിർത്തിയത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇതൊന്നും ഫലത്തിൽ പ്രതിഫലിച്ചുകണ്ടില്ല.