eee

കുടുംബത്തിന് ആകെയുളളത് ഒന്നര ഏക്കർ ഭൂമി മാത്രം.പിന്നെ ആറ് മക്കളും. മക്കളെ വളർത്താൻ കുടുംബം നന്നേ ബുദ്ധിമുട്ടി. ഞാൻ ജോലിക്ക് പോകും. എന്ത് ജോലി എന്നൊന്നുമില്ല. എന്തും ചെയ്യും.അങ്ങനെ ആറ് കുട്ടികളെയും വളർത്തി.ഇളയ കുഞ്ഞിനെ മടിയിലിരുത്തി മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കലത്തിലെ കഞ്ഞി ഏവർക്കുമായി വിളമ്പും. അവസാനത്തെയാൾക്ക് വറ്റുണ്ടാവില്ല. വെറും കഞ്ഞി വെള്ളം മാത്രം. കരഞ്ഞുപോയ ദിവസങ്ങളുണ്ട്. എല്ല വിഷമങ്ങളും അനുഭവിച്ചു. ഒറ്റക്കിരുന്ന് പലതവണ കരഞ്ഞിട്ടുണ്ട്. പക്ഷേ ഏത് പ്രതിസന്ധിയെയും നേരിടണമെന്ന് പിന്നീടങ്ങ് പഠിച്ചു. അല്ലെങ്കിൽ പഠിപ്പിച്ചു. മക്കളെ കെട്ടിച്ചയക്കാൻ സ്വത്തുക്കൾ വിൽക്കേണ്ടി വന്നു. താമസം പിന്നീട് വാടക വീട്ടിൽ. 3500 രൂപയാണ് വാടക.കുടുംബം പുലർത്തണം.

വീടിന്റെ വാടകയും നൽകണം. അങ്ങനെയാണ് തൊട്ടടുത്ത വിൻസെന്റ് ഡി പോൾ സൊസൈറ്റി വകയായുളള ഓശാനഭവനിലെ ജോലിക്കായി പോയത്. അമ്പത് രൂപയായിരുന്നു തുടക്കത്തിൽ ലഭിച്ചത്. ഒരു അഗതി മന്ദിരത്തിൽ പ്രായം ചെന്ന അമ്പതോളം പേർക്ക് ഭക്ഷണം വെക്കണം. പാചകം അവിടെ നിന്നാണ് തുടങ്ങിയത്.

ഡിസംബറിലെ ഒരു തണുപ്പുളള ക്രിസ്‌മസ് രാത്രി. കരോൾ ഗാനവുമായി പളളിയിൽ നിന്ന് സംഘമെത്തി.അവർക്ക് കൊടുക്കാൻ കാപ്പി പോലും വീട്ടിലില്ല. എന്തുചെയ്യണമെന്നറിയാതെ കരഞ്ഞു. കരോൾ സംഘത്തിന്റെ പുൽക്കൂട്ടിലെ ഉണ്ണിയേശുവിനെ നോക്കി കൊണ്ട് ഞാൻ നൊന്തു ചോദിച്ചു, എന്നെ എന്തിന് എന്നെ പരീക്ഷിക്കുന്നു, ആ നിമിഷം ആശ്വാസ കിരണം പ്രവഹിച്ചത് പോലെ തോന്നി.അതിനിടെ മകൻ ബാബു ഇറാക്കിലേക്ക് പോയിരുന്നു. നാല് വർഷം ബാബു അവിടെ കഷ്ടപ്പെട്ട് ജോലി ചെയ്തു. അങ്ങനെ വാടകവീട് ഒഴിവായി. കഴിഞ്ഞ വർഷം ഇതേ പോലെ ഡിസംബറിലാണ് 'അന്നാമ്മ ചേടത്തി' എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഈ ഡിസംബറിൽ അതു തന്നത് എട്ടരലക്ഷത്തോളം മക്കളെയാണ്.