
കോട്ടയം: വിവാഹാലോചനകൾ മുടക്കിയെന്നാരോപിച്ച് സഹോദരിയെയും ഭർത്താവിനെയും വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി വെട്ടേറ്റ ഇരുവരെയും തൊടുപുഴ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ഇടുക്കി ചുരുളി കുഴിഞ്ഞാലിൽ എബിൻ (45), ഭാര്യ സിൽവി (40) എന്നിവർക്കാണ് വെട്ടേറ്റത് .സംഭവവുമായി ബന്ധപ്പെട്ട് സിൽവിയുടെ സഹോദരൻ ആനച്ചാൽ പുളിക്കച്ചുണ്ടേൽ സാജനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു.
വീടിനു സമീപത്തുള്ള ഷെഡിൽ പശുവിനെ കറക്കാൻ ചെന്നപ്പോഴായിരുന്നു ആക്രമണം. ഈ സമയം അവിടെയെത്തിയ സിൽവിയുടെ സഹോദരനുമായി വഴക്കുണ്ടായി. വാക്കുതർക്കത്തിനിടയിൽ കൈയിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സാജനെ പിടികൂടി പൊലീസിലേൽപ്പിച്ചത്.
സാജന്റെ തറവാട് ആനച്ചാലിലാണ്. മാതാപിതാക്കൾ മരിച്ചതോടെ ഇയാൾ ഒറ്റക്കാണു താമസിച്ചിരുന്നത്. ആകെയുള്ള 14 സെന്റ് തറവാട് വക സ്ഥലം സഹോദരി കൈവശപ്പെടുത്താൻ ശ്രമിച്ചതായും സാജന് വരുന്ന കല്യാണാലോചനകൾ സഹോദരിയും കുടുംബവും ചേർന്ന് മുടക്കുന്നതുമായുള്ള സാജന്റെ സംശയമാണ് വൈരാഗ്യത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തി. ഉച്ചക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.