ak-balan

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വിജയം നേടിത്തന്നത് പ്രതിപക്ഷ നേതാവും, യുഡിഎഫ് കൺവീനറും കേന്ദ്രമന്ത്രി വി.മുരളീധരനുമെന്ന് പരിഹാസവുമായി മന്ത്രി എ.കെ.ബാലൻ. ഇവരുടെ സഹായമില്ലെങ്കിൽ ഇത്ര വിജയം കിട്ടില്ലെന്നും അവരെ അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു. രണ്ടുതരത്തിൽ അവർ സഹായിച്ചു. ഒന്നാമത് കിഫ്‌ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ടാമത് ലൈഫ് മിഷൻ ഉൾപ്പടെയുള‌ളവ തങ്ങൾ അധികാരത്തിലെത്തിയാൽ ഇല്ലാതാക്കുമെന്ന് യു.ഡി.എഫ് കൺവീനർ പറഞ്ഞു. ഒപ്പം ഒരു മുന്നണിയിലും ഇല്ലാത്ത ജമാ അത്തെ ഇസ്ളാമിയെ മുന്നണിയിലെടുത്തു. അവർക്ക് അധികാരത്തിൽ പങ്ക് നൽകുമെന്നും പറഞ്ഞു. ഇത് കേരളത്തിലെ ജനം തിരിച്ചറിഞ്ഞതാണ് ഇടത് മുന്നണിക്ക് വലിയ വിജയം നേടാൻ ഇടയാക്കിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വയ്‌ക്കുമോയെന്ന് ചോദിച്ച മന്ത്രി ആരോപണങ്ങൾ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും അഭിപ്രായപ്പെട്ടു. ജില്ലാ,ബ്ളോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ വിഡ്ഢിത്തം നിറഞ്ഞ തീരുമാനങ്ങൾ ഉണ്ടായില്ലായിരുന്നെങ്കിൽ ഇടത് മുന്നണിക്ക് ഇങ്ങനെ വലിയ ജയമുണ്ടാകുമായിരുന്നില്ലെന്നും എ.കെ ബാലൻ അഭിപ്രായപ്പെട്ടു.