
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ എൽ ഡി എഫിന്റെ മുന്നേറ്റത്തിനാണ് കേരളം സാക്ഷിയായത്. കഴിഞ്ഞ നാല് മാസമായി സ്വർണക്കടത്ത് കേസ് മുതൽ പിന്നീട് ഇങ്ങോട്ടുള്ള ദിവസങ്ങൾ ഇടത് സർക്കാരിനെ സംബന്ധിച്ച് പ്രതിസന്ധികളുടേതായിരുന്നു. ഈ കേസുകളുടെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാവുമെന്ന ഉത്തമ വിശ്വാസമാണ് പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചത്. അതേസമയം കൊവിഡ് കാലത്ത് കേരളം വിധിയെഴുതി എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. പാർലമെന്റ്, നിയമസഭാ തിരഞ്ഞടുപ്പുകൾക്ക് വിപരീതമായി ബി ജെ പിക്കും ശക്തി തെളിയിക്കാനുള്ള അവസരമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ്. ത്രികോണ മത്സരത്തിന്റെ പ്രതീതി ഉളവാക്കിയ തദ്ദേശപോരാട്ടം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനും നിർണായകമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ അവസാന ഫലസൂചനയും പുറത്തുവരുമ്പോൾ സംസ്ഥാനത്തെ മൂന്ന് പാർട്ടികളുടെയും മുഖങ്ങളായി പരിഗണിക്കപ്പെടുന്ന നേതാക്കളുടെ നാളെകൾ എങ്ങനെയായിരിക്കും എന്ന് പരിശോധിക്കാം.

സി പി എമ്മിനും പിണറായിക്കും ശക്തി കൂടും
കാർക്കശ്യവും അച്ചടക്കവും കൊണ്ട് സി പിഎമ്മിനെ ഒരു ദശാബ്ദക്കാലത്തോളം നയിച്ച ശേഷമാണ് പിണറായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നടന്നടുത്തത്. തിളക്കമാർന്ന ജയത്തോടെയാണ് കേരളം ഭരണം ഇടത് മുന്നണിയെ ഏൽപ്പിച്ചിരുന്നത്. കൊവിഡ് തുടക്കകാലത്ത് മികച്ച നിയന്ത്രണങ്ങളും, ജാഗ്രതയും സ്വീകരിച്ച കേരള മോഡൽ ലോകമെമ്പാടും പ്രീതി പിടിച്ചുപറ്റുകയും ചെയ്തു. അക്കാലത്ത് തുടർഭരണമെന്ന സുന്ദര സ്വപ്നം ഇടത് അനുഭാവികൾ നെഞ്ചേറ്റിയപ്പോൾ രഹസ്യമായി ഇക്കാര്യം പ്രതിപക്ഷവും സമ്മതിച്ചിരുന്നു എന്നതാണ് സത്യം. എന്നാൽ 4-5 മാസങ്ങളായി ഈ പ്രതീക്ഷയുടെ കിരണങ്ങൾ കരിഞ്ഞുണങ്ങുന്ന കാഴ്ചയും കേരളം കാണുകയുണ്ടായി. സ്വർണക്കടത്ത് മുതൽ ഇങ്ങോട്ടുള്ള ഓരോ ദിവസവും ഇടത് സർക്കാരിന് നെഞ്ചിടിപ്പേറ്റുന്നതായിരുന്നു. അതിനൊപ്പം പാർട്ടി സെക്രട്ടറിയായിരുന്നു കോടിയേരിയുടെ കുടുംബത്തിലുണ്ടായ സംഭവങ്ങളും പാർട്ടിയുടെ ജനപ്രീതി ഇടിയാൻ കാരണമായി. പാർട്ടിയെ നയിക്കുന്ന നേതാവിന്റെ മകൻ കള്ളപ്പണ ബിനാമി ഇടപാടുകളിൽ പ്രതി ചേർക്കപ്പെട്ടതോടെ പാർട്ടിയും സർക്കാരും മാദ്ധ്യമവിചാരണ നേരിടുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.
എന്നാൽ ഇന്ന് പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലം സി പി എമ്മിനും , സർക്കാരിനും നൽകുന്ന ആശ്വാസം ചെറുതല്ല. സർക്കാരിന് ജനം നൽകിയ ഗുഡ് സർട്ടിഫിക്കറ്റായും, പാർട്ടി അടിത്തറ ശക്തമെന്ന സന്ദേശവും സർക്കാരിനും പാർട്ടിക്കും ഇനിയുള്ള ദിവസങ്ങളിൽ വലിയ ആശ്വാസം നൽകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ പാർട്ടി വിരോധമെന്ന മേലങ്കി ചാർത്തി പ്രതിരോധിക്കാൻ ഈ വിജയം ഊർജ്ജം നൽകും എന്നതിൽ സംശയം വേണ്ട. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 941 ഗ്രാമ പഞ്ചായത്തുകളിൽ 549ലും വിജയിച്ച് എൽ ഡി എഫ് മുന്നിലെത്തിയിരുന്നു,
ഇക്കുറി ഒടുവിൽ അറിയുന്ന ഫലം പരിശോധിച്ചാൽ 514 പഞ്ചായത്തുകൾ എൽ ഡി എഫ് സ്വന്തമാക്കിയിരിക്കുകയാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 90 എണ്ണം എൽ ഡി എഫ് 2015 നേടിയപ്പോൾ ഇക്കുറി 108 എണ്ണമായി അത് ഉയർത്താനായി എന്നതും ജില്ലാ പഞ്ചായത്തുകളിൽ പതിനാലിൽ പത്തെണ്ണം പിടിച്ചെടുക്കാനായതും ഇടത് കോട്ട ഭദ്രമെന്നതിന് തെളിവായി ഉയർത്തിക്കാട്ടാനാവും. 86 മുനിസിപ്പാലിറ്റികളിൽ 55 എണ്ണവും കോർപ്പറേഷനുകളിൽ ആറിൽ മൂന്നും ഇടത് വശം ചേർന്ന് നിൽക്കുകയാണിപ്പോൾ.
ഇടത് മുന്നേറ്റത്തിന്റെ കരുത്ത് ഇനിവരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ വാക്കുകളിൽ തീർച്ചയായും ഉണ്ടാവും. മാദ്ധ്യമ വിചാരണയെ കൂസാത്ത നേതാവ് പാർട്ടിയിലും ശക്തനാവും. കോടിയേരി സ്ഥാനമൊഴിഞ്ഞ ശേഷം അടുത്തിടെ സർക്കാരിന്റെ ഭാഗത്തുള്ള വീഴ്ചകളിൽ പാർട്ടിക്കുള്ളിൽ നിന്നും ഉയർന്ന എതിർ ശബ്ദങ്ങൾ വീണ്ടും നിശബ്ദമാക്കാൻ പോന്ന ഫലമാണ് പിണറായിക്ക് തിരഞ്ഞെടുപ്പ് ഫലത്തോടെ ലഭിച്ചിരിക്കുന്നത്.

ചെന്നിത്തല മതിയോ ? പ്രതിപക്ഷത്തിന്റെ മുഖം മാറുമോ ?
മെയ്യനങ്ങാതെ ഇരുന്നാൽ ഭരണവിരുദ്ധ തരംഗമുണ്ടായാൽ ഈസിയായി അധികാരത്തിൽ വരാം എന്ന ചിന്ത ഇനി ഒരു പാർട്ടിക്കും വേണ്ട എന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്. മൂന്ന് മുന്നണികൾ ശക്തിയോടെ മത്സരിക്കുമ്പോൾ ഭരണ വിരുദ്ധത പ്രതിപക്ഷത്തുള്ള രണ്ട് പാർട്ടികൾക്കായി വിഭജിക്കപ്പെടും എന്നത് തന്നെ കാരണം. ബി ജെ പി കേരളത്തിൽ ശക്തമാവുന്നത് ആർക്കാണ് നേട്ടമാവുക, ആർക്കാണ് കോട്ടമാവുക എന്ന വ്യക്തമായ മുന്നറിയിപ്പും ഈ തിരഞ്ഞെടുപ്പ് ഫലം നൽകി. പ്രത്യേകിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ കേവലം പത്തിലേക്ക് മെലിഞ്ഞ യു ഡി എഫിന് ഇതിലും വലിയ എന്ത് തോൽവിയാണ് സംഭവിക്കേണ്ടത്.
പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ നേരെയും കെ പി സി സി അദ്ധ്യക്ഷന് നേരെയും വിരൽ ചൂണ്ടുന്ന ജനവിധിയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഭരണമുന്നണിക്കെതിരെ ജയിച്ചുകയറാൻ വാനോളം അവസരങ്ങളുണ്ടായിരുന്നെങ്കിലും, അതൊന്നും വോട്ടാക്കിമാറ്റാൻ പരാജയപ്പെട്ട നേതൃത്വം അതിന് മറുപടി പറയേണ്ടിവരും. പാളിച്ച പറ്റിയത് സ്ഥാനാർത്ഥി നിർണയത്തിലോ, പ്രവർത്തനത്തിലോ, വിമത ശല്യത്തിലോ, നേതാക്കളുടെ ഐക്യമില്ലായ്മയിലോ എന്നത് ആ പാർട്ടി തന്നെ കണ്ടെത്തേണ്ടതാണ്. ഗ്രൂപ്പിസത്തിനും, രണ്ടഭിപ്രായത്തിനും പഞ്ഞമില്ലാത്ത കോൺഗ്രസ് പാർട്ടിയിൽ തിരഞ്ഞെടുപ്പിന് മുൻപായി ഒരു മുഖം മാറ്റം നേതൃസ്ഥാനങ്ങളിൽ ഉണ്ടാവുമോ എന്നേ ഇനി പറയേണ്ടതുള്ളു.

തലസ്ഥാനം പിടിച്ചില്ലെങ്കിലും അദ്ധ്യക്ഷന് കസേര ഉറപ്പിക്കാം
കെ സുരേന്ദ്രന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായ ശേഷം നേരിടേണ്ടി വന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെ പിടിച്ചെടുക്കും എന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതൊന്നും ഈ ഫലത്തിൽ കാണ്മാനായില്ല. എന്നാൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ശക്തമായ മുന്നേറ്റമുണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. പാർട്ടിക്കുള്ളിൽ അദ്ധ്യക്ഷനു നേരെ കുറച്ച് നാളായി ഉണ്ടായിരുന്ന മുറുമുറുപ്പ് അവസാനിപ്പിക്കുവാൻ ഈ ഫലം മതിയാവും. 2015ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 14 ഗ്രാമപഞ്ചായത്തുകളിലാണ് ലീഡ് നേടിയത്. എന്നാൽ ഇക്കുറിയത് 24 ആയി ഉയർത്തുവാൻ അവർക്കായി. പാലക്കാടിന് പുറമേ പന്തളം മുനിസിപ്പാലിറ്റിയിലും ഭരണം പിടിച്ചെടുക്കാൻ അവർക്കായി. തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ചെടുത്തില്ലെങ്കിലും മുൻ തിരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകൾ സംരക്ഷിക്കാനായതും പാർട്ടിക്ക് ആശ്വാസമാണ്. അതോടൊപ്പം വിവിധ പഞ്ചായത്തുകളിൽ ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള നിർണായക ശക്തിയായി ബി ജെ പി മാറുകയും ചെയ്തു.
ഇനി ഫൈനൽ
സെമി ഫൈനൽ കഴിഞ്ഞപ്പോൾ എൽ ഡി എഫ് ശക്തമായ അവസ്ഥയിലാണ്. ഇനിയുള്ള നാല് മാസങ്ങൾക്കകം സംസ്ഥാനത്ത് എന്തും സംഭവിക്കാം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധനകൾ അന്തിമഘട്ടത്തിലേക്ക് എത്തുമ്പോൾ വികസനത്തിലൂന്നി ജനത്തെ ഒരിക്കൽ കൂടി അഭിമുഖീകരിക്കാൻ ഇടതിന് ശക്തി നൽകുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇന്നുണ്ടായത്. പ്രതിപക്ഷത്തിനും ഇനിയുള്ള ദിവസങ്ങൾ തിരുത്തലുകളുടേതാണ്. എത്രത്തോളം ഉയരത്തിൽ തിരുത്തലുകൾ നടത്താൻ പാർട്ടിക്കാവുമോ അത്രയും ശക്തമാവും സംഘടനാ സംവിധാനം.