
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം ഇലക്ടറൽ കോളേജ് അംഗങ്ങൾ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. ഡൊണാൾഡ് ട്രംപിനെതിരെ 70 ലക്ഷത്തിലേറെ ജനകീയ വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ബൈഡൻ 306 ഇലക്ടറൽ വോട്ടുകളാണ് നേടിയത്. അതേസമയം, ഇലക്ടറൽ കോളേജ് വോട്ട് ചെയ്ത ശേഷവും പരാജയം സമ്മതിക്കാത്ത ട്രംപിനെതിരെ ബൈഡൻ രംഗത്തെത്തി ‘അമേരിക്കയിൽ വളരെക്കാലം മുൻപ് തന്നെ ജനാധിപത്യത്തിന്റെ തിരിനാളം തെളിച്ചതാണ്. ഒരു മഹാമാരിക്കോ അധികാര ദുർവിനിയോഗത്തിനോ ആ നാളം കെടുത്താനാകില്ല. പുതിയ താളു മറിക്കാൻ സമയമായിരിക്കുന്നു. എല്ലാ മുറിവുകളുമുണക്കി, ഐക്യം തിരിച്ചുപിടിക്കാൻ സമയമായിരിക്കുന്നു– അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനകീയ വോട്ടെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിക്കുവേണ്ടി 50 സംസ്ഥാനങ്ങളിലും വാഷിംഗ്ടണിലുമായി തീരുമാനിക്കപ്പെട്ട ഇലക്ടർമാരുടെ സംഘം വോട്ടു രേഖപ്പെടുത്തുകയാണ് ചെയ്തത്. ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പാർട്ടികളുടെ പ്രതിനിധികളായ 538 ഇലക്ടർമാരിൽ ആരും കൂറുമാറി വോട്ടു ചെയ്തില്ല. ഇലക്ടറൽ വോട്ട് ഫലം അംഗീകരിച്ച് ഓരോ സംസ്ഥാനത്തെയും അധികൃതർ അയച്ചു കൊടുക്കുന്ന സാക്ഷ്യപത്രം 2020 ജനുവരി ആറിന് നടക്കുന്ന കോൺഗ്രസ് സംയുക്ത സമ്മേളനത്തിൽ സെനറ്റ് സ്പീക്കർ മൈക്ക് പെൻസ് തുറക്കും. ഓരോ സംസ്ഥാനത്തെയും ഇലക്ടറൽ വോട്ടുഫലം വ്യക്തമാക്കുന്ന സാക്ഷ്യപത്രം ജനപ്രതിനിധിസഭ നിയോഗിക്കുന്ന രണ്ട് പേരും സെനറ്റ് നിയോഗിക്കുന്ന രണ്ട് പേരും അടങ്ങിയ നാലംഗസംഘത്തിന് അക്ഷരമാലാക്രമത്തിൽ കൈമാറുന്നതാണ് രീതി. അവരാണ് വോട്ടെണ്ണുന്നതും. 538 വോട്ടുകളിൽ 270 വോട്ട് ഭൂരിപക്ഷം കടക്കുന്നയാളെ വിജയിയായി സെനറ്റ് സ്പീക്കർ പ്രഖ്യാപിക്കും. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ 2020 ജനുവരി 20ന് നടക്കും. അതേസമയം, ഏതെങ്കിലും സംസ്ഥാനത്തെ ഇലക്ടറൽ വോട്ട് സംബന്ധിച്ച് വിയോജിപ്പുകളുണ്ടെങ്കിൽ അക്കാര്യം ഒരു സെനറ്ററുടെയും ഒരു ജനപ്രതിനിധി സഭാംഗത്തിന്റെയും ഒപ്പോടെ ജനുവരി ആറിന് നടക്കുന്ന സംയുക്ത കോൺഗ്രസ് സമ്മേളനത്തിൽ ഉന്നയിക്കാം. ഇക്കാര്യം പ്രത്യേകം ചർച്ച ചെയ്യാൻ ഇരു സഭകളും ഉടൻ പിരിയും. തർക്ക പ്രമേയത്തിന് ഇരുസഭകളും അംഗീകാരം നൽകിയാൽ ആ ഇലക്ടറൽ വോട്ടുകൾ റദ്ദാക്കും. ഇരുസഭകളും തള്ളുകയോ, ഒരു സഭ മാത്രം അംഗീകരിക്കുകയോ ചെയ്താൽ വോട്ട് എണ്ണാൻ തടസ്സമില്ല.
 അഭിനന്ദനവുമായി പുടിനും
ഇലക്ടറൽ കോളജ് വോട്ടെടുപ്പ് ഫലം വ്യക്തമായതോടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും രംഗത്തെത്തി. വെല്ലുവിളികൾ നേരിടാനായി റഷ്യയ്ക്കും അമേരിക്കയ്ക്കും ഒരുമിച്ചു പ്രവർത്തിക്കാനാകുമെന്നാണ് പുടിൻ പറഞ്ഞത്.