
എരിഡയിൽ ബോൾഡ് ലുക്ക്, വെള്ളത്തിൽ നാടൻ. പുതു കാഴ്ച നൽകി സംയുക്ത മേനോൻ
തുറന്നു പറച്ചിൽ നടത്തുന്നതാണ് സംയുക്ത മേനോന്റെ രീതി. എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്ന് അടുത്തിടെ സംയുക്ത വെളുപ്പെടുത്തിയിരുന്നു. ഇപ്പോൾ പ്രണയം സിനിമയോടാണ് . നാളെ ഇതു മാറാം. സംയുക്തയുടെ വാക്കുകൾ.കഥാപാത്രം ഏതായാലും അനായസമായി മാറാൻ സംയുക്ത മേനോന് കഴിയുന്നു. അടുത്തിടെ അഭിനയിച്ച വെള്ളം,എരിഡ എന്നീ ചിത്രങ്ങളിൽ സംയുക്തയുടെ വേറിട്ട മുഖമാണ്. അവളുടെ രാവുകളെ ഒാർമിപ്പിക്കുന്ന വിധം ബോൾഡ് ലുക്കിലാണ് വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡയിൽ സംയുക്ത പ്രത്യക്ഷപ്പെടുന്നത്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് എരിഡ. സംയുക്ത ഗ്ളാമർ വേഷത്തിൽ എത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

അവളുടെ രാവുകളിൽ സീമയെ അനുസ് മരിപ്പിക്കുംവിധമാണ് സംയുക്തയുടെ ലുക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ. എരിഡയുടെ മൂന്നാമത് പോസ്റ്ററിലാണ് സംയുക്ത ഗ്ലാമർ ലുക്കിൽ എത്തിയത്. ജയസൂര്യ നായകനായി എത്തുന്ന വെള്ളത്തിൽ നാട്ടിൻപുറത്തുകാരിയുടെ വേഷമാണ് സംയുക്തയ്ക്ക്. ഒരു പെൺകുട്ടിയുടെ അമ്മ വേഷം. റിലീസിന് ഒരുങ്ങുന്ന വെള്ളത്തിലെ കഥാപാത്രം സംയുക്തയ്ക്ക് ഏറെ പ്രശസ്തി തരുമെന്നാണ് പ്രതീക്ഷ.ചിത്രത്തിൽ സംസാരിക്കുന്നത് കണ്ണൂർ ഭാഷയും.നാടൻ വേഷം മാത്രമല്ല മോഡേൺ വേഷത്തിലും സംയുക്ത അനുയോജ്യയാണ്. പോപ്പ് കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തു വന്ന സംയുക്തയെ ശ്രദ്ധേയയാക്കിയത് ടൊവിനോ തോമസിന്റെ നായികയായി അഭിനയിച്ച തീവണ്ടിയിലെ ദേവി എന്ന കഥാപാത്രമാണ്. തീവണ്ടി മികച്ച വിജയം നേടുകയും ചെയ്തു. 

പിന്നാലെ എത്തിയ ലില്ലി ഏറെ പ്രശംസ നേടികൊടുത്തു. ദുൽഖറിനൊപ്പം ഒരു യമണ്ടൻ പ്രേമകഥ, ടൊവിനോ തോമസിനൊപ്പം കൽക്കിയും എടക്കാട് ബറ്റാലിയൻ 06 ഉം. ഉയരെയിൽ ഒരു സീനിലാണ് എത്തുന്നതെങ്കിലും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രമായിരുന്നു. അണ്ടർവേൾഡ് എന്ന ചിത്രമാണ് സംയുക്തയുടേതായി ഒടുവിൽ തിയേറ്ററിൽ എത്തിയത്. വോൾഫ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ സംയുക്ത ഒടുവിൽ അഭിനയിച്ചത്. കോവിഡ് കാലത്ത് നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന വോൾഫ് ഫാമിലി ത്രില്ലറാണ്.ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ എന്നിവരാണ് നായകൻമാർ. ഈ വർഷം ഗോലിപ്പട്ട 2 എന്ന ചിത്രത്തിലൂടെ സംയുക്ത തെലുങ്കിലും എത്തി. യോഗിരാജ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗണേഷ് ആണ് നായകൻ. മുപ്പതു ദിവസത്തെ ചിത്രീകരണം കഴിഞ്ഞ ചിത്രം കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരിക്കുകയാണ്.