bus

തിരുവനന്തപുരം: അനുദിനം ഇന്ധനവില വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനിടെ സംസ്ഥാനത്ത് ഹൈഡ്രജൻ ബസുകൾ ഓടിക്കാനൊരുക്കി സർക്കാർ. അടുത്ത വർഷം പകുതിയോടെ കേരളത്തിൽ ഹൈഡ്രജൻ ബസിന്റെ ആദ്യ സർവീസ് തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എറണാകുളം തിരുവനന്തപുരം റൂട്ടിൽ ആയിരിക്കും പൈലറ്റ് അടിസ്ഥാനത്തിൽ ബസ് സർവീസ് നടത്തുക. ഒക്ടോബറോടെ 50 ബസുകൾ കൂടി നിരത്തിലിറക്കും.

മലിനീകരണമില്ല

തീർത്തും പരിസ്ഥിതി സൗഹൃദവും അന്തരീക്ഷ മലിനീകരണം ഇല്ലാത്തതുമാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകൾ. ഈ ബസുകൾ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ അംഗീകാരം കാത്തിരിക്കുകയാണ്. ബസുകൾക്ക് നിക്ഷേപം കൂടുതലായതിനാൽ തന്നെ പ്രതിദിനം 500 കിലോമീറ്റർ സർവീസ് നടത്തേണ്ടിവരും. കൊച്ചി റിഫൈനറീസ് ലിമിറ്റഡിന് കീഴിൽ ബി.പി.സി.എൽ ആണ് ഹൈഡ്രജൻ വിതരണം ചെയ്യുക. ഈ ഹൈഡ്ര‌ജൻ വ്യാവസായിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കും ഉപയോഗിക്കുക. ബി.പി.സി.എൽനെ കൂടാതെ അനർട്ടും ബസുകൾക്ക് വേണ്ട ഹൈഡ്രജൻ ഉൽപാദിപ്പിക്കും. ഇതിനായി അനെർട്ട് ഉടൻ തന്നെ ടെണ്ടർ ക്ഷണിക്കും.

പ്രതിദിന ഇന്ധനച്ചെലവ് 2000 രൂപ

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)​ തങ്ങളുടെ ആവശ്യം കഴിഞ്ഞുള്ള സൗരോർജ്ജം ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. രണ്ട് ഡോളറാണ് ഒരു കിലോഗ്രാം ഹൈഡ്രജന് ചെലവ് വരിക. ഇതുകൂടാതെ എൽ.എൻ.ജി,​ ട്രീറ്റ്മെന്റ് പ്ളാന്റ്,​ പ്ളാസ്‌റ്റിക് മാലിന്യം തുടങ്ങിവയിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കാമെന്നതും മേന്മയാണ്. ഇതിലൂടെ നിർമ്മാണച്ചെലവ് വൻതോതിൽ കുറയ്ക്കാനാകും. പ്രതിദിനം ഒരു ബസിന് 5 കിലോ ഹൈഡ്രജനാണ് വേണ്ടിവരിക. ഇന്ധനയിനത്തിൽ പ്രതിദിനം 2000 രൂപ മാത്രമായിരിക്കും ചെലവ്.

ബസുകൾക്ക് വില കൂടുതൽ

ഇലക്ട്രിക് ബസുകളെക്കാൾ വില കൂടുതലാണ് ഹൈഡ്രജൻ ബസുകൾക്ക്. 2.50 കോടി മുതൽ മൂന്ന് കോടി വരെയാണ് ബസുകളുടെ വില. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനെക്കാൾ കുറഞ്ഞ സമയം മതി ഹൈഡ്രജൻ ബസുകൾ ചാർജ് ചെയ്യാൻ.