vijayaraghavan

തിരുവനന്തപുരം: മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി ഇടത് മുന്നണിക്കും എൽ.ഡി.എഫ് സർക്കാരിനും എതിരായി വലിയ കളവും ദുഷ്‌പ്രചരണങ്ങളും പ്രതിപക്ഷം നടത്തിയ കാലമാണിതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കേരള ജനത നൽകിയ വലിയ പിന്തുണയ്‌ക്ക് അവരോട് കൃതജ്ഞത രേഖപ്പെടുത്തുന്നതായും വിജയരാഘവൻ പറഞ്ഞു.

മുൻപൊരു തിരഞ്ഞെടുപ്പ് കാലത്തും ഇത്ര വിഷലിപ്‌തമായ പ്രചാരണം കേരളം കണ്ടില്ല. എന്നാൽ കേരള ജനത അത് വിശ്വസിച്ചില്ല. ഇടത് മതനിരപേക്ഷ പ്രസ്ഥാനങ്ങളോടും എൽ.ഡി.എഫ് സർക്കാരിനോടുമുള‌ള ജനപിന്തുണയുമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു.

ഈ സർക്കാർ വളരെ പ്രയാസമുള‌ള തിരഞ്ഞെടുപ്പ് കാലത്തെയാണ് അഭിമുഖീകരിച്ചത്. കേന്ദ്ര വിഹിതം കൃത്യമായി തരാതെ കേന്ദ്ര സർക്കാർ വിഷമിപ്പിച്ചപ്പോളും ജനങ്ങൾക്കായുള‌ള കരുതൽ ഒരു ഘട്ടത്തിലും സർക്കാർ മാ‌റ്റിവച്ചില്ലെന്ന് എ.വിജയരാഘവൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഭാവി മുന്നിൽകണ്ട് വികസന പ്രവർത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ സർക്കാരാണിത്. കേന്ദ്ര ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും തടസ്സപ്പെടുത്തി.യുഡിഎഫ്, ബിജെപി, മുസ്ളിം മതമൗലിക വാദികൾ എന്നിവരെ ചേർത്ത് നിർത്തി സർക്കാരിനെ അട്ടിമറിക്കാൻ പ്രചാര വേല നടത്തിയിരിക്കുകയാണ്. ജനത്തെ തെ‌റ്റിദ്ധരിപ്പിക്കാൻ കമ്മ്യൂണിസ്‌റ്റ് വിരുദ്ധ മാദ്ധ്യമങ്ങൾ ശ്രമിച്ചുവെന്നും എന്നാൽ ജനം അതെല്ലാം തള‌ളിക്കളഞ്ഞതായും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പ്രതിലോമത അതിന്റെ എല്ലാ കരുത്തുമുപയോഗിച്ച് നാടിനെ തകർക്കാൻ ശ്രമിച്ച ഘട്ടത്തിലാണ് ഇടത് മുന്നണി തിളങ്ങുന്ന വിജയം സ്വന്തമാക്കിയതെന്നും എ.വിജയരാഘവൻ അഭിപ്രായപ്പെട്ടു.