
തിരുവനന്തപുരം: അവഗണനയും അനീതിയും എല്ലാ അതിരുകളും വിട്ടതിന്റെ തിരിച്ചറിവിൽ ഉണർന്നെണീറ്റ പിന്നാക്ക സമുദായം ആഞ്ഞടിച്ചു. സംഘടിത ശക്തികളുടെ കോട്ടകൊത്തളങ്ങൾ പലതും കടപുഴകി. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യു.ഡി.എഫും നേരിട്ട കനത്ത തിരിച്ചടിയുടെ മുഖ്യ കാരണം മറ്റൊന്നുമല്ല.
നിയമസഭയിലെ യു.ഡി.എഫ് നിരയിൽ ഈഴവ സമുദായത്തിലെ ഒരംഗവുമില്ലെന്ന സത്യം ഉൾക്കൊള്ളാൻ തയ്യാറാകാതിരുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ പിന്നാക്കവിരുദ്ധ മനോഭാവം കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽത്തന്നെ മൂർദ്ധന്യത്തിലെത്തിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയം.
1200 തദ്ദേശ സ്ഥാപനങ്ങളിലെ 22000 സീറ്റിൽ 17000 സീറ്റിലാണ് കോൺഗ്രസ്
മത്സരിച്ചത്. ഇതിൽ 600ൽ താഴെ സീറ്റാണ് ഏറ്റവും പ്രബല സമുദായമായ ഈഴവർക്കായി നീക്കിവച്ചത്. വിശ്വകർമ്മജർക്ക് അമ്പതിൽ താഴെ സീറ്റും. 600 ഗ്രാമ പഞ്ചായത്തുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഈഴവ പ്രാതിനിദ്ധ്യം വട്ടപ്പൂജ്യമായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന ഘട്ടത്തിൽ കേരളകൗമുദി ഇത് കണക്കുകൾ സഹിതം പുറത്തു കൊണ്ടുവന്നെങ്കിലും പാർട്ടി നേതൃത്വം കണ്ടില്ലെന്ന് നടിച്ചു.
തിരുവനന്തപുരം,ആലപ്പുഴ,എറണാകുളം,കോട്ടയം,ഇടുക്കി, തൃശൂർ,പാലക്കാട്, വയനാട്, കോഴിക്കോട്,കാസർകോട് ജില്ലകളിലാണ് ഈഴവ സമുദായത്തെ വെട്ടിനിരത്തിയത്. ഇവിടെയെല്ലാം യു.ഡി.എഫ് തകർന്നടിഞ്ഞു. സമുദായത്തിന് ഭേദപ്പെട്ട പരിഗണന ലഭിച്ച കണ്ണൂർ കോർപറേഷനിൽ വ്യക്തമായ മുൻതൂക്കത്തോടെ ഭരണം നിലനിറുത്താനുമായി.
തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും
ദയനീയ പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്ക സമുദായങ്ങളെ തൂത്തെറിഞ്ഞതാണ്. 100 സീറ്റുള്ള കോർപറേഷനിൽ ഈഴവ സമുദായത്തിന് വെറും 6 സീറ്റ്. നായർ സമുദായത്തിന് 60 സീറ്റ്. ഫലം വന്നപ്പോൾ, മുന്നണി ആകെ ജയിച്ചത് 10 സീറ്റിൽ. 80 സീറ്റിൽ 'പയറ്റിയ' കോൺഗ്രസിന് 8 സീറ്റ്.
വാമനപുരം ബ്ളോക്കിലെ 12 ഡിവിഷനിൽ ഒരു സീറ്റ് പോലും ഈഴവ സമുദായത്തിന് കോൺഗ്രസ് നൽകിയില്ല. ഡിവിഷൻ എൽ.ഡി.എഫ് തൂത്തുവാരി. വെഞ്ഞാറമൂട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പിന്നാക്ക സമുദായാംഗവും മഹിളാ കോൺഗ്രസ് നേതാവുമായ സുനിതകുമാരിക്കായിരുന്നു ആദ്യം സീറ്റ്. പ്രചാരണം ഏറെ മുന്നേറിയ ശേഷം സുനിതയെ മാറ്റി. സീറ്റ് മുന്നാക്ക സമുദായക്കാരിക്ക്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടു വരെ സുനിത പരാതിപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. ഫലമോ, സിറ്റിംഗ് സീറ്റിൽ പാർട്ടി തലകുത്തി വീണു.
അദ്ധ്യാപകനെ അപമാനിച്ച സീറ്റിലും തോൽവി
മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ഊരൂട്ടമ്പലം ജയചന്ദ്രന് ആദ്യം സീറ്റ് നൽകുകയും പിന്നീട് തിരിച്ചെടുത്ത് അപമാനിക്കുകയും ചെയ്ത നേമം ബ്ലോക്ക് പഞ്ചായത്തിലെ ഊരൂട്ടമ്പലം ഡിവിഷനിൽ കോൺഗ്രസിന് സിറ്റിംഗ് സീറ്റ് നഷ്ടമായി. ഡി.സി.സി അംഗവും എസ്.എൻ.ഡി.പി യോഗം നേമം മണ്ഡലം വൈസ് പ്രസിഡന്റുമായ ജയചന്ദ്രൻ ചുവരെഴുത്തും രണ്ടു റൗണ്ട് പ്രചാരണവും പൂർത്തിയാക്കിയപ്പോഴാണ് മത്സരത്തിൽ നിന്ന് പിന്മാറാൻ ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടത്. മുന്നാക്ക സമുദായക്കാരന് സീറ്റ് നൽകാനായിരുന്നു ഈ നെറികേട്. പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 'അയാൾക്കു വേണ്ടി പറയാൻ സമുദായത്തിന്റെ മേലേത്തട്ടിൽ വരെ ആളുണ്ട്.നിങ്ങൾക്ക് ആരുണ്ട്'?.'ജയചന്ദ്രനോട് മുൻ മന്ത്രി കൂടിയായ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ചോദിച്ചതിങ്ങനെ.
കോൺഗ്രസ് സ്വന്തം ശവക്കുഴി തോണ്ടുന്നു: വെള്ളാപ്പള്ളി
തിരുവനന്തപുരം: പാർട്ടി സംഘടനയിലും തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിലും ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളെ വെട്ടിനിരത്തുന്നതിലൂടെ കോൺഗ്രസ് സ്വന്തം ശവക്കുഴി തോണ്ടുന്നതിന്റെ ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്ക ഭൂരിപക്ഷ പ്രദേശങ്ങളിൽപ്പോലും അവരെ
ഒഴിവാക്കി അനർഹരായ മറ്റ് പലർക്കുമാണ് സീറ്റ് നൽകിയത്. സംസ്ഥാനത്തെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായങ്ങൾക്ക് കോൺഗ്രസിൽ അർഹമായ പരിഗണനയും, പരിരക്ഷയും നഷ്ടപ്പെട്ട സ്ഥിതിയാണ്. എസ്.എൻ.ഡി.പി യോഗവും കേരളകൗമുദിയും ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നതാണ്. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവാത്ത പക്ഷം ഇനിയുള്ള തിരിച്ചടികൾ ഇതിലും കനത്തതായിരിക്കുമെന്ന് വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു.