food-kit-

തിരുവനന്തപുരം : സർക്കാരിന് ചുറ്റിലും പ്രശ്നങ്ങൾ, ഉപദേശങ്ങൾ നൽകി നിയന്ത്രിക്കേണ്ട പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി നേരിടേണ്ടത് അതിലും വലിയ പ്രശ്നങ്ങൾ. കഴിഞ്ഞ കുറച്ച് മാസമായി പിണറായി സർക്കാരിനെയും സി പി എമ്മിനെയും ഒരേ സമയം ഗ്രസിച്ചത് നിരവധി വിഷയങ്ങളായിരുന്നു. ലോകത്തെ മുഴുവൻ ബാധിച്ച കൊവിഡ് കേരളത്തെയും ഒന്നാകെ വിഴുങ്ങിയ സമയത്ത് കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെയാണ് നേരിട്ടത്. പ്രവാസികൾ നല്ലൊരു പങ്കും വിദേശത്തെ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുകയും, നികുതിയിൽ ഉൾപ്പടെ നേരിട്ട വരുമാനക്കുറവും ജനത്തെയും സർക്കാരിനെയും ഒരു പോലെ വലച്ചു. ഇതിന് പുറമേയായിരുന്നു സ്വപ്നയും കൂട്ടരും സംസ്ഥാന സർക്കാരിന് നൽകിയ പൊല്ലാപ്പ്. മുഖ്യമന്ത്രിയുടെ എല്ലാമെല്ലാമായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കൂട്ടുപിടിച്ച് സെക്രട്ടേറിയറ്റിനെ രാജ്യവിരുദ്ധ നടപടികൾക്ക് വിധേയമാക്കിയ സ്വപ്നയും കൂട്ടരെയും തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ കൂടി എത്തിയതോടെ സംസ്ഥാനം ഇതു വരെ കേട്ടിട്ടില്ലാത്ത സംഭവങ്ങളായിരുന്നു പുറത്ത് വന്നത്.

വിവാദമല്ല വേണ്ടത് വികസനം
ലൈഫ് മിഷനിൽ ഉൾപ്പടെ സർക്കാരിന്റെ വികസന പാതയിൽ അവതരിപ്പിച്ച പദ്ധതികളിലെല്ലാം കേന്ദ്ര ഏജൻസികൾ അഴിമതി കമ്മീഷൻ കറകൾ കണ്ടെത്തിയതോടെ ജനത്തെ അഭിമുഖീകരിക്കാൻ പോലും ഇടത് അനുയായികൾ ബുദ്ധിമുട്ടിയിരുന്നു. കൊവിഡ് കാലത്ത് തിരഞ്ഞെടുപ്പ് പ്രചരണം ഫേസ്ബുക്ക് കയറിയപ്പോൾ നിറഞ്ഞു നിന്നത് സർക്കാരിനെ പരിഹസിക്കുന്ന ട്രോളുകളായിരുന്നു. എന്നാൽ സർക്കാർ നൽകുന്ന കിറ്റും, വർദ്ധിപ്പിച്ച പെൻഷൻ തുകയുമൊക്കെ ചൂണ്ടിക്കാട്ടി പ്രതിരോധിക്കുവാനാണ് ഇടത് അനുഭാവികൾ ശ്രമിച്ചത്, ഇതിനെതിരെയും ട്രോളുകൾ നിറഞ്ഞു. കെ ഫോൺ ഉൾപ്പടെ ഇടത് സർക്കാർ കൊണ്ടുവരുന്ന വമ്പൻ വികസന പദ്ധതികളും അവയുടെ പ്രയോജനങ്ങളെ കുറിച്ചും എണ്ണിയെണ്ണി പറഞ്ഞാണ് വീടു വീടാന്തരം കയറി വോട്ട് തേടിയത്.


തുണച്ചത് കിറ്റ് രാഷ്ട്രീയമോ ?

എല്ലാം സൗജന്യമായി നൽകുന്ന സർക്കാരുകളെപ്പറ്റി നമ്മൾ കേട്ടിട്ടും വായിച്ചിട്ടുമൊക്കെയുള്ളത് തമിഴ്നാട് ഉൾപ്പടെയുള്ള അന്യ സംസ്ഥാനങ്ങളിലാണ്. കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റ് എത്തിച്ച് സംസ്ഥാന സർക്കാർ മാതൃകയായെങ്കിലും മഹാമാരിയുടെ കാലത്ത് ആ ഒരു കിറ്റിൽ കാര്യങ്ങൾ അവസാനിക്കുമെന്നാണ് മലയാളികൾ കരുതിയത്. എന്നാൽ സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പായസക്കിറ്റ് അടക്കം നൽകിയാണ് സംസ്ഥാന സർക്കാർ മലയാളികളുടെ വയറും മനസും നിറച്ചത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു.


സാധനങ്ങളുടെ ഗുണനിലവാരം അടക്കമുള്ളവ ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ കൂടുതൽ കരുതലോടെയാണ് സർക്കാർ നടപടി എടുത്തത്. ഓണക്കാലത്ത് വിതരണം ചെയ്ത കിറ്റിലെ സാധനങ്ങളിൽ പരാതി ഉയർന്നപ്പോൾ തന്നെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചു. ഡിപ്പോകളിലെത്തുന്ന ഉത്പനങ്ങളുടെ ഗുണനിലവാരം ടെൻഡർ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണോയെന്ന് ഡിപ്പോ മാനേജർ കൃത്യമായി പരിശോധിക്കണമെന്ന് സപ്ലൈക്കോ നിർദേശം നൽകുകയും ചെയ്തു.

വിവാദങ്ങൾ പൂത്ത് നിൽക്കുമ്പോഴും എല്ലാമാസവും കൃത്യമായി ഭക്ഷ്യകിറ്റുകൾ എത്തിച്ച സർക്കാർ നടപടി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി. വിശക്കുന്ന വയർ നിറയ്ക്കാൻ കഴിയുന്ന ഭരണകൂടത്തെ, പ്രത്യേകിച്ചും ജോലി നഷ്ടമാകുന്ന കൊവിഡ് കാലത്തിൽ, മറക്കാൻ ഒരു വലിയ ജനസമൂഹം തയ്യാറായില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്താം.