
വാഷിംഗ്ടൺ: ഇന്ത്യയിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലും സംപ്രേഷണം അവസാനിപ്പിച്ച് അമേരിക്കൻ ടെലിവിഷൻ ചാനലുകളായ എച്ച്.ബി.ഒയും ഡബ്ലിയു.ബിയും. ചൊവ്വാഴ്ചയാണ് സംപ്രേഷണം അവസാനിപ്പിച്ചത്.
രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.
പ്രേക്ഷകർ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് മാറിയതും കൊവിഡ് പ്രതിസന്ധിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിലും ഇരു ചാനലുകളും സംപ്രേഷണം അവസാനിപ്പിക്കുമെന്ന് ഉടമകളായ വാർണർ മീഡിയ ഇന്റർനാഷണൽ അറിയിച്ചു.
വാർണർ മീഡിയയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം എച്ച്.ബി.ഒ മാക്സിന്റെ ഇന്ത്യയിലേക്കുള്ള വരവിന് മുന്നോടിയായാണ് എച്ച്.ബി.ഒ സംപ്രേഷണം അവസാനിപ്പിച്ചത്.
അടുത്ത വർഷം എച്ച്.ബി.ഒ മാക്സ് ഇന്ത്യയിലെത്തിയേക്കുമെന്നാണ് വിവരം.
എന്നാൽ, വാർണർ മീഡിയയുടെ കുട്ടികളുടെ ചാനലായ 'കാർട്ടൂൺ നെറ്റ്വർക്കും''പോഗോ'യും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സംപ്രേഷണം തുടരും.
ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വാർണർ മീഡിയ ഇന്റർനാഷണൽ വ്യക്തമാക്കി.
പ്രസ്തുത ചാനലുകളുടെ മേൽനോട്ടത്തിനായി വാർണർ മീഡിയയുടെ മുംബയ്, ഡൽഹി, ബെംഗളൂരു ഓഫീസുകൾ തുടർന്നും പ്രവർത്തിക്കും. വാർത്താ ചാനലായ സി.എൻ.എൻ ഇന്റർനാഷണലിന്റെ ഓപറേഷൻസ്, സെയിൽസ്, മാർക്കറ്റിംഗ് വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കും.