chennithala-

തിരുവനന്തപുരം : ഇന്ന് പുറത്ത് വന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ യു ഡി എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് മനസിലാകുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് വച്ച് കണക്കാക്കിയാൽ മികച്ച ഫലമാണ് ഇക്കുറി പാർട്ടിക്കുണ്ടായത്. പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും മികവ് ഉണ്ടായി. കോർപ്പറേഷനുകളിലും സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൽ അന്തിമ ഫലം ഇതുവരെയും വന്നിട്ടില്ലെന്നും നാളെ ചേരുന്ന പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിയിൽ ഇക്കാര്യങ്ങൾ ചർച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്തെങ്കിലും തിരുത്തൽ ആവശ്യമായി വന്നാൽ വരുത്തുമെന്നും കെ പി സി സി അദ്ധ്യക്ഷൻ വ്യക്തമാക്കി. വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു എൽ ഡി എഫ് വോട്ട് പിടിക്കേണ്ടിയിരുന്നത്. എന്നാൽ അതിനെ കുറിച്ച് ഒരു അക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ ആരോപിച്ചു.

പ്രാദേശികമായ വിഷയങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയങ്ങളാവുന്നതെന്നും, 2010ലെ തിരഞ്ഞെടുപ്പ് ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ തിരഞ്ഞെടുപ്പിലും എൽ ഡി എഫിന് അനുകൂലമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്ന് മനസിലാകും. ഈ തിരഞ്ഞെടുപ്പിലൂടെ ബി ജെ പി സംസ്ഥാനത്ത് അപ്രസക്തമായി, ചില പോക്കറ്റുകളിൽ മാത്രമായി ബി ജെ പി ഒതുങ്ങിയെന്നാണ് മനസിലാക്കാനാവുന്നത്. തിരുവനന്തപുരം, പാലക്കാട്, പന്തളം എന്നിവിടങ്ങളിൽ മാത്രമാണ് അവർക്ക് മുന്നേറ്റമുണ്ടാക്കാനായത്. തലസ്ഥാനത്ത് കോർപ്പറേഷനിലുണ്ടായ തിരിച്ചടി പാർട്ടി പരിശോധിക്കും എന്നും ചെന്നിത്തല വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗിച്ചിട്ടും നേട്ടം കൊയ്യാൻ അവർക്കായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് നാളെ വിശദമായി ചർച്ച ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയും അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിക്കുവാൻ തിരുവനന്തപുരത്താണ് മൂന്ന് നേതാക്കളും ഒരുമിച്ച് മാദ്ധ്യമപ്രവർത്തകരെ കണ്ടത്.