udhav-thakkarey

മുംബയ്: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷമായ ബി.ജെ.പി നേരിടാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വലതുപക്ഷ നേതാവായ ഉദ്ധവ് അടുത്തിടെയായി മതേതരവാദിയായിരിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ ആക്ഷേപം. ഹിന്ദുത്വ പ്രീണന നയങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇതിന് മറുപടി പറഞ്ഞിരിക്കുന്നത്.

മറാത്താ സംവരണം ഉൾപ്പെടെയുള്ള വൈകാരികമായ വിഷയങ്ങൾ ശിവസേന തിരഞ്ഞെടുപ്പിൽ പ്രചരണ ആയുധമാക്കും. പ്രാചീന ക്ഷേത്രങ്ങൾ സംരക്ഷിക്കാനായി പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും ഉദ്ധവ് പ്രഖ്യാപിച്ചു.

പാരമ്പര്യവും പുരാതന സംസ്കരവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ക്ഷേത്രങ്ങൾ സംരക്ഷിക്കാനായി ഫണ്ട് രൂപീകരിക്കുന്നത്. പ്രതിപക്ഷത്തിന് ഇതോടെ തങ്ങൾ ഹിന്ദുത്വവാദം ഉപേക്ഷിച്ചിട്ടില്ലെന്ന് മനസിലായില്ലേ എന്നും ഉദ്ധവ് ചോദിച്ചു.

കൊവിഡ് മഹാമാരിയെതുടർന്ന് അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഗവർണർ ഭഗത് സിംഗ് കോഷിയാരിയും തമ്മിൽ വാക്‌യുദ്ധം തന്നെ നടന്നിരുന്നു. മുഖ്യമന്ത്രി മതേതരനായോ എന്ന് പരിഹസിച്ച് ഗവർണർ കത്തയച്ചിരുന്നു. തനിക്ക് ആരുടേയും ഹിന്ദുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു താക്കറെയുടെ മറുപടി.