
കാൺപൂർ: സുഹൃത്തിന്റെ റഷ്യക്കാരിയായ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കേണൽ നീരജ് ഗെലോട്ട് അറസ്റ്റിൽ.
യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്.
സൈനികരുടെ ഓഫീസേഴ്സ് മെസിലേക്ക് യുവതിയെയും ഭർത്താവിനെയും ക്ഷണിച്ച കേണൽ ഇവർക്ക് കുടിക്കാനായി നൽകിയ പാനീയത്തിലാണ് മയക്കുമരുന്ന് കലർത്തിയത്. ഇത് കുടിച്ച് അബോധാവസ്ഥയിലായ യുവതിയെ കേണൽ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിക്രമം ചെറുത്ത യുവതിയെ കേണൽ മർദ്ദിച്ചതായും പൊലീസ് പറഞ്ഞു. യുവതി കേണലിനെതിരെ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്.
10 വർഷമായി ഇന്ത്യയിൽ സ്ഥിരതാമസക്കാരിയാണ് റഷ്യൻ വംശജയായ യുവതി. സംഭവത്തിനുശേഷം ലീവെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു കേണൽ നീരജ്. അറസ്റ്റ് ഭയന്ന് മറ്റൊരിടത്തേക്ക് ഒളിവിൽ പോകാനൊരുങ്ങവേയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് എത്തിയപ്പോൾ താമസസ്ഥലം പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.