india-australia-test

ഇന്ത്യ-ആസ്ട്രേലിയ ആദ്യ ടെസ്റ്റ് ഇന്ന് അഡ്ലെയ്ഡിൽ തുടങ്ങുന്നു

ആദ്യ മത്സരം പിങ്ക് പന്തുപയോഗിച്ചുള്ള ഡേ ആൻഡ് നൈറ്റ് ടെസ്റ്റ്

അഡ്‌ലെയ്ഡ് : ആസ്ട്രേലിയൻ മണ്ണിലെ അതികഠിനമായ പരീക്ഷണത്തിന് കച്ചകെട്ടി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് അഡ്‌ലെയ്ഡിൽ ആദ്യ ടെസ്റ്റിനിറങ്ങുന്നു. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം പിങ്ക് പന്ത് ഉപയോഗിച്ച് പകൽ- രാത്രി ആയാണ് നടക്കുക.കഴിഞ്ഞ വർഷം ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ച ഓർമകളുമായാണ് വിരാട് കൊഹ്‌ലിയും കൂട്ടരും ഇത്തവണ ഇറങ്ങുന്നത്.

യു.എ.ഇയിലെ ഐ.പി.എൽ കഴിഞ്ഞയുടൻ ആസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം ഏകദിന,ട്വന്റി-20 പരമ്പരകൾ പൂർത്തിയാക്കിയ ശേഷമാണ് ടെസ്റ്റിനിറങ്ങുന്നത്. ആദ്യ രണ്ട് ഏകദിനങ്ങൾ തോറ്റശേഷം ജയിച്ചു തുടങ്ങിയ ഇന്ത്യ പരമ്പര കൈവിട്ടെങ്കിലും തുടർ വിജയങ്ങളോടെ ട്വന്റി-20 പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ ഇലവൻ റെഡി

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്ളേയിംഗ്ഇലവനെ മത്സരത്തലേന്നുതന്നെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. സന്നാഹ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ടീമിൽഉൾപ്പെടുത്തിയില്ല. വെറ്ററൻ താരം വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പറാവുക. സന്നാഹ മത്സരങ്ങളിൽ തിളങ്ങിയ ശുഭ്മാൻ ഗില്ലിനും ഒന്നാം ടെസ്റ്റിൽ ഇടമില്ല. യുവ ഓപ്പണർ പൃഥ്വി ഷായാണ് അഡ്‌ലെയ്‍ഡിൽ മായാങ്ക് അഗർവാളിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിക്കുക. വിരാട് കൊഹ്‌ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ എന്നിവരാണ് ബാറ്റിംഗിലെ പ്രതീക്ഷകൾ. രവിചന്ദ്രൻ അശ്വിനാണ് ഏക സ്പിന്നർ. ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് ഷമിക്കും ഒപ്പം ഉമേഷ് യാദവാണ് പേസ് നിരയിലെ മൂന്നാമൻ.

പരിക്കിന്റെ വേദനയിൽ ഓസീസ്

പ്രമുഖ താരങ്ങളുടെ പരിക്കാണ് ഓസീസിന് തിരിച്ചടി. ആതിഥേയ നിരയിൽ നിരവധി താരങ്ങൾക്ക് പരുക്കുണ്ട്. കഴിഞ്ഞദിവസം പരിശീലനത്തിനിറങ്ങിയ സ്റ്റീവ് സ്മിത്ത് ഇടതുകൈയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് മടങ്ങിപ്പോയതാണ് ഓസീസ് നേരിടുന്ന പരുക്ക് ഭീഷണിയിൽ ഏറ്റവും പുതിയത്. ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ ഡേവിഡ് വാർണറുടെ അസാന്നിധ്യം ആദ്യ ടെസ്റ്റിൽ മറ്റൊരു തിരിച്ചടിയാണ്. വാർണറിനു പുറമെ ടെസ്റ്റ് ടീമിലുള്ള വിൽ പുകോവ്‌സ്കി, ഷോൺ ആബട്ട്, കാമറൂൺ ഗ്രീൻ, ഹാരി കോൺവേ, ജാക്സൻ ബേഡ് എന്നിവരെല്ലാം പരുക്കിന്റെ പിടിയിലാണ്.

ഇന്ത്യയുടെ കരുത്ത്

1. സന്നാഹമത്സരങ്ങളിൽ കണ്ടതുപോലെയാണ് കളിക്കുന്നതെങ്കിൽ ഇന്ത്യയ്ക്ക് ടെസ്റ്റിലും വലിയ തിരിച്ചടിക്ക് സാദ്ധ്യതയില്ല. ബാറ്റിംഗിലും ബൗളിംഗിലും പരിചയസമ്പന്നരായ താരങ്ങളുണ്ട്. മിക്കവരും ഫോമിലുമാണ്.

2.ചേതേശ്വർ പുജാര,അജിങ്ക്യ രഹാനെ വിരാട് കാെഹ്‌ലി എന്നിവരുടെ പരിചയ സമ്പത്താണ് ബാറ്റിംഗിലെ ഇന്ത്യയുടെ പ്രതീക്ഷ.മായാങ്ക് അഗർവാൾ,പൃഥ്വി ഷാ,ഹനുമവിഹാരി എന്നീ യുവതാരങ്ങളും സാഹയും ചേരുമ്പോൾ ബാറ്റിംഗ് നിരയ്ക്ക് ആഴമേറും.

3.പരിചയ സമ്പന്നരായ മൂന്ന് പേസർമാർ-ഷമി,ബുംറ,ഉമേഷ് യാദവ്- ഇന്ത്യൻ നിരയിലുണ്ട്.യുവപേസർമാരെ ഒഴിവാക്കിയത് ഡേ ആൻഡ് നൈറ്റ് ടെസ്റ്റിലെ ബൗളിംഗിന് പരിചയ സമ്പത്ത് ആവശ്യമായതിനാലാണ്.

4.അശ്വിൻ മാത്രമാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർ. പകൽ രാത്രി മത്സരങ്ങളിൽ കുത്തിത്തിരിയുന്ന പന്തുകൾക്ക് അപകടം വിതയ്ക്കാൻ കഴിയും.പാർട്ട്ടൈം സ്പിന്നറായി ഹനുമ വിഹാരിയെ ഉപയോഗിക്കാനുമാകും.

5. കൊഹ്‌ലിയുടെ ക്യാപ്ടൻസിയാണ് ഇന്ത്യയുടെ പ്ളസ് പോയിന്റ്. അക്രമോത്സുകമായ നീക്കങ്ങളിലൂടെ എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ കൊഹ‌്ലിക്ക് കഴിയും. ബാറ്റിംഗിൽ നങ്കൂരമിട്ട് കളിക്കാൻ നായകന് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസമേറും.

കൊഹ്‌ലിയുടെ ഒറ്റ ടെസ്റ്റ്

അടുത്ത മാസം അച്ഛനാകാനിരിക്കുന്ന കൊഹ്‌ലി ഒരൊറ്റ ടെസ്റ്റേ പരമ്പരയിൽ കളിക്കുന്നുള്ളൂ. രണ്ടാം ടെസ്റ്റ് മുതൽ അജിങ്ക്യ രഹാനെയാകും ഇന്ത്യയെ നയിക്കുക.മൂന്നും നാലും ടെസ്റ്റുകളിൽ കളിക്കാനായി ഫിറ്റ്നസ് വീണ്ടെടുത്ത് രോഹിത് ശർമ്മ ആസ്ട്രേലിയയിൽ എത്തിയിട്ടുണ്ട്.

ബൗൺസറുകളുടെ കളി

ആസ്ട്രേലിയ എയ്ക്കെതിരെ നടന്ന രണ്ടാം സന്നാഹമത്സരം ഡേ ആൻഡ് നൈറ്റായിരുന്നു. ഈ മത്സരത്തിൽ വിക്കറ്റ് നേടുന്നതിനെക്കാൾ ബൗൺസറുകൾ എറിയുന്നതിലാണ് ഇന്ത്യൻ പേസർമാർ ഉത്സാഹം കാട്ടിയത്. ഫ്ളഡ്ലിറ്റിൽ ബൗൺസറുകളിലൂടെ ഓസീസ് ബാറ്റ്സ്മാന്മാരെ വിരട്ടുകയെന്ന തന്ത്രമാകും ഇന്ത്യ പുറത്തെടുക്കുകയെന്ന് സൂചനയുണ്ട്.

ചരിത്രം കുറിച്ച പരമ്പര

2018-19 സീസണിൽ നടന്ന ആസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പര നേടി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. പരമ്പര 2–1നു നേടിയ ഇന്ത്യ, ആസ്ട്രേലിയയിൽ പരമ്പര ജയം നേടുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന നേട്ടമാണു സ്വന്തമാക്കിയത്

2018 ഡിസംബർ 6 മുതൽ 10 വരെ അഡ്‌ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിൽ 31 റൺസിനായിരുന്നു ഇന്ത്യൻ ജയം. ചേതേശ്വർ പൂജാര 2 ഇന്നിംഗ്സുകളിലും (123, 71) തിളങ്ങി. പെർത്തിലെ 2–ാം ടെസ്റ്റ് 146 റൺസിനു ജയിച്ച് ഓസീസ് ഒപ്പമെത്തി (1–1). 8 വിക്കറ്റെടുത്ത നഥാൻ ലയണാണ് ഇന്ത്യയെ തകർത്തത്. മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റ് 137 റൺസിനു ജയിച്ച് ഇന്ത്യ പരമ്പരയി‍ൽ മുന്നിലെത്തി.ഒൻപത് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ ബൗളിംഗാണു മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ജനുവരിയിൽ സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റ് മഴയിൽ പല തവണ തടസ്സപ്പെട്ടു സമനിലയിലായതോടെ ഇന്ത്യ റെക്കോർഡ് ജയം പേരിൽ കുറിച്ചു.

മാൻ ഓഫ് ദ് സീരീസായ ചേതേശ്വർ പൂജാരയുടെയും ഋഷഭ് പന്ത്, വിരാട് കൊഹ്‌ലി എന്നിവരുടെയും ബാറ്റിംഗ് ഇന്ത്യൻ പരമ്പര ജയത്തിൽ നിർണായകമായി. 21 വിക്കറ്റെടുത്ത ബുംറയും 16 വിക്കറ്റെടുത്ത ഷമിയും 11 വിക്കറ്റെടുത്ത ഇഷാന്ത് ശർമയും പേസിൽ കരുത്തുകാട്ടി. ഇഷാന്ത് ഒഴികെ എല്ലാവരും ഇത്തവണ ടീമിലുണ്ട്.

ഇന്ത്യൻ ഇലവൻ

മായാങ്ക് അഗർവാൾ,പൃഥ്വി ഷാ,ചേതേശ്വർ പുജാര,വിരാട് കൊഹ്‌ലി,അജിങ്ക്യ രഹാനെ,ഹനുമ വിഹാരി,വൃദ്ധിമാൻ സാഹ,രവിചന്ദ്രൻ അശ്വിൻ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ് ,ഷമി

ഓസീസ് ടീം ഇവരിൽ നിന്ന്

ടിം പെയ്ൻ(ക്യാപ്ടൻ),ജോ ബേൺസ്,സ്റ്റകവൻ സ്മിത്ത്,മാർക്കസ് ഹാരിസ്, പാറ്റ് കമ്മിൻസ്,ലബുഷാഗ്നെ,ട്രാവിസ് ഹെഡ്,മൈക്കേൽ നെസെർ,മാത്യു വേഡ്,മിച്ചൽ സ്റ്റാർക്ക്,പാറ്റിൻസൺ,നഥാൻ ലിയോൺ,ഹെൻട്രിക്കസ്,ഹേസൽവുഡ്

9.30 am

മുതൽ സോണി ടെൻ ചാനലിൽ ലൈവ്.

കൊവിഡ് നടമാടിയ ഈ കാലഘട്ടത്തിൽ ആവശ്യമില്ലാത്ത വീറും വാശിയുമൊക്കെക്കൊണ്ട് ഒരു കാര്യവുമില്ലെന്ന് ലോകത്തിന് മനസിലായതാണ്.അതുകൊണ്ടുതന്നെ ആസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ അനാവശ്യമായ തർക്കങ്ങളും സ്ളെഡ്ജിംഗും ഒഴിവാക്കും.

- വിരാട് കൊഹ്‌ലി
ഇന്ത്യൻ ക്യാപ്ടൻ

വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഞങ്ങളില്ല.എന്നാൽ ഇന്ത്യ ഉടക്കാൻ വന്നാൽ വെറുതെ വിടുകയുമില്ല.

- ടിം പെയ്ൻ

ഓസീസ് ക്യാപ്ടൻ