
കൊച്ചി: റെക്കാഡുകൾ തിരുത്തിയെഴുതി പുതിയ ഉയരത്തിലേക്ക് ഇന്ത്യൻ ഓഹരി സൂചികകളുടെ മുന്നേറ്റം. സെൻസെക്‌സ് 403 പോയിന്റുയർന്ന് 46,666ലും നിഫ്‌റ്റി 114 പോയിന്റ് നേട്ടവുമായി 13,682ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇത് സർവകാല റെക്കാഡ് ക്ളോസിംഗ് പോയിന്റാണ്.
കൊവിഡ് വാക്‌സിൻ സജ്ജമാകുന്നുവെന്ന ശുഭവാർത്തയുടെ പിൻബലത്തിൽ ആഗോളതലത്തിൽ സമ്പദ്‌പ്രവർത്തനങ്ങൾ വീണ്ടും സജീവമായതോടെ, ഓഹരി വിപണികളിലേക്ക് വീണ്ടും നിക്ഷേപകർ ആവേശത്തോടെ തിരിച്ചെത്തിയിട്ടുണ്ട്. ഇതാണ്, നേട്ടത്തിന്റെ മുഖ്യ കാരണം.
ഇന്നലെ ഒരുവേള സെൻസെക്‌സ് 46,705 വരെയും നിഫ്‌റ്റി 13,700 വരെയും എത്തിയിരുന്നു. ടി.സി.എസ്., ടൈറ്റൻ, എച്ച്.ഡി.എഫ്.സി, ഏഷ്യൻ പോയിന്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒ.എൻ.ജി.സി., ഭാരതി എയർടെൽ എന്നിവയാണ് സെൻസെക്‌സിൽ മികച്ച നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ.
സെൻസെക്‌സിന്റെ മൂല്യത്തിൽ ഇന്നലെയുണ്ടായ വർദ്ധന 1.53 ലക്ഷം കോടി രൂപ. 185.13 ലക്ഷം കോടി രൂപയാണ് ഇപ്പോൾ മൂല്യം.