
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെൽസിയെ വോൾവർ ഹാംപ്ടൺ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വോൾവറിന്റെ വിജയം.മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വെസ്റ്റ് ബ്രോംവിച്ച് അൽബിയോൺ സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ഗോൾവീതമാണ് നേടിയത്.
വോൾവറിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 49-ാം മിനിട്ടിൽ ഒളിവർ ജിറൂദ് നേടിയ ഗോളിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയിരുന്നത്. എന്നാൽ 66-ാം മിനിട്ടിൽ ഡാനിയേൽ പോഡെൻസ് കളി സമനിലയിലാക്കി. ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾമാത്രം ശേഷിക്കേയാണ് പെഡ്രോ നെറ്റോ ചെൽസിയുടെ നെറ്റ് വീണ്ടും കുലുക്കിയത്.
മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 30-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗനിലൂടെ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. 43-ാം മിനിട്ടിൽ റൂബൻ ഡയസിന്റെ സെൽഫ് ഗോളാണ് വെസ്റ്റ് ബ്രോമിന് സമനില നൽകിയത്. ഇതോടെ 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി പ്രിമിയർ ലീഗ് പട്ടികയിൽ ആറാമതായി. 20 പോയിന്റുള്ള വോൾവർ ഏഴാമതും 22 പോയിന്റുള്ള ചെൽസി അഞ്ചാമതുമാണ്. 25 പോയിന്റ് വീതമുള്ള ടോട്ടൻഹാമും ലിവർപൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്.