cm

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തിൽ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷം നേടിയ വിജയം ജനങ്ങളുടേതാണെന്നും നാം ഒന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടിയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും ഇതോടെ കുത്തിത്തിരിപ്പുകൾക്ക് കേരള രാഷ്ട്രീയത്തിൽ ഇടമില്ലെന്ന്‌ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ആറ് മണിക്കുള്ള വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇക്കുറി ഇടതുപക്ഷം 108 ബ്ലോക്കുകളിൽ വിജയം നേടി.ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്ത് വിജയം നേടാനായി. 514 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിന് മേൽക്കൈയുണ്ട്. കഴിഞ്ഞവർഷം ജയം 98 ബ്ലോക്കുകളിൽ ആയിരുന്നു. 2015നെക്കാൾ വലിയ മുന്നേറ്റമാണ് നിലവിൽ. 2015ൽ 48 മുനിസിപ്പാലിറ്റികളിൽ വിജയം നേടി. ഇക്കുറി മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ മാത്രം 35 ആയി കുറഞ്ഞു. സംസ്ഥാന സർക്കാരിൻറെ ഭരണത്തിനുള്ള അംഗീകാരമാണ് ജനവിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണമുന്നണി വിജയം നേടുന്നത് പതിവുള്ള കാര്യമല്ലെന്നും ഇക്കുറി അതിന് മാറ്റം വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടതുമുന്നണി ജയം നേടിയത് അവിശുദ്ധ കൂട്ടുകെട്ടുകളുടെ സഹായമില്ലായതെയാണ്. അപവാദ പ്രചരണങ്ങളിലൂടെ ചില മാധ്യമങ്ങളും സർക്കാരിനെ തകർക്കാൻ ശ്രമിച്ചു. എന്നാൽ എൽഡിഎഫ് കൂടുതൽ ശക്തി പ്രാപിച്ചു. സർക്കാരിനെ ഇകഴ്ത്തികാണിക്കാൻ ബിജെപിയും കോൺഗ്രസും ശ്രമിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആയിരുന്നു ഇത്. അതേസമയം ജനങ്ങൾ ആഗ്രഹിച്ചത് ഭരണത്തുടർച്ചയാണ്. കുപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. എൽഡിഎഫിന് ജനങ്ങൾ നൽകിയത് വലിയ മുന്നേറ്റവും വൻ പിന്തുണയുമാണ്. ജനക്ഷേമ പദ്ധതികൾക്കുള്ള പിന്തുണയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനക്ഷേമ പദ്ധതികൾക്കുള്ള പിന്തുണയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ അനാവശ്യമായി ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങൾ പുനരാലോചന നടത്താൻ തയ്യാറാകണം. ഭാവനാസൃഷ്ടിയിലൂടെ ചിലർ കാര്യങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ചിലർ കള്ളക്കഥകൾ മെനയുന്നു. അത്തരക്കാർ മാദ്ധ്യമങ്ങളെ ഇതിനായി ഉപയോഗിച്ചു. അതിനാൽ മാധ്യമങ്ങൾ ആത്മവിമർശനത്തിന് തയ്യാറാകണം. ആരോഗ്യപരമായ വിമർശനങ്ങൾ മാധ്യമങ്ങൾ നടത്തുന്നത് അംഗീകരിക്കും. സമാനമായി പ്രതിപക്ഷം ജനവികാരം ഉൾക്കൊള്ളാൻ തയ്യാറാകണം. സർവ്വമേഖലയിലും നടന്നത് സമാനതകളില്ലാത്ത വികസനമാണെന്നും സർവതല സ്പർശിയായ വികസനത്തിനാണ് ഇടതുമുന്നണി ശ്രമിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.