
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫ് അപ്രസക്തരാകുന്നുവെന്നും മുന്നണിയുടെ വിശ്വാസം തകർന്നടിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നേതാക്കളുടെ തട്ടകത്തിൽ പോലും പതിറ്റാണ്ടുകളുടെ ആധിപത്യം ഇല്ലാതെയായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ അവകാശവാദങ്ങൾ തകർന്ന് അടിഞ്ഞു. വർഗീയ ശക്തികളുടെ ഐക്യപ്പെടലിന് സ്ഥാനമില്ലെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  കേന്ദ്ര ഏജൻസികളെ അനാവശ്യമായി ദുരുപയോഗപ്പെടുത്തി.സംഘടിതമായി നടത്തിയ നുണപ്രചരണത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയമെന്നും കുത്തിതിരിപ്പുകൾക്ക് കേരള രാഷ്ട്രീയത്തിൽ ഇടമില്ലെന്ന് തെളിഞ്ഞതായും പിണറായി വിജയൻ പറഞ്ഞു.
മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളുമായി കോൺഗ്രസ് കൈകോർക്കുന്നുവെന്നും മതനിരപേക്ഷത തകർക്കാൻ ആർ.എസ്.എസ് ബി.ജെ.പി ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.അപവാദ പ്രചരണങ്ങളിലൂടെ ചില മാദ്ധ്യമങ്ങൾ സർക്കാരിനെ തകർക്കാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം കാഴ്ചവച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.