
തിരുവനന്തപുരം: മുൻപ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറുദിന പരിപാടിക്ക് പുറമെ അടുത്ത ഒരു നൂറുദിന പരിപാടി ഉടനെ തന്നെ പ്രഖ്യാപിക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇപ്പോൾ സർക്കാർ അടുത്ത നൂറുദിന പരിപാടി പ്രഖ്യാപിക്കുന്നില്ലെന്നും പെരുമാറ്റ ചട്ടത്തിന്റെ ഘട്ടം കഴിയുന്ന ദിവസം അത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂന്നു മാസങ്ങൾക്ക് മുൻപ് സർക്കാർ പ്രഖ്യാപിച്ച നൂറ് ദിന പരിപാടി പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഒരിക്കലും ചെറുതായി കാണാൻ പാടില്ലെന്നും ഒരു ഘട്ടത്തിലും സംസ്ഥാന സർക്കാർ ജനങ്ങളെ കൈയൊഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നൂറുദിന പരിപാടിയുടെ അതെ രീതിയിൽ തന്നെയുള്ള, കേരളത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞുകൊണ്ടുള്ള കാര്യങ്ങളാകും അടുത്ത നൂറുദിന പരിപാടിയിൽ ഉണ്ടാകുക എന്നത് മാത്രമേ ഇപ്പോൾ സൂചിപ്പിക്കുന്നുള്ളൂ. ജനങ്ങൾ ഏൽപ്പിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. സർക്കാർ പദ്ധതികൾ തീർക്കാൻ തീവ്ര ശ്രമമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളുമായി കോൺഗ്രസ് കൈകോർക്കുന്നു എന്നത് നാം കാണേണ്ട വസ്തുതയാണ്. കോൺഗ്രസിന് ഈ നിലപാട് കൊണ്ട് എന്ത് നേട്ടമാണുള്ളത്. മതനിരപേക്ഷത തകർക്കാൻ ആർഎസ്എസ് ബിജെപി ശ്രമമുണ്ടാകുന്നു. എൽഡിഎഫിനെ നശിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നു. അറിഞ്ഞുകൊണ്ട് പച്ചക്കള്ളം എൽഡിഎഫിനു മേൽ ചുമത്തിയെന്നും എന്നാൽ ജനവിധിയിൽ എല്ലാം പ്രതിഫലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് എല്ലാവരും ശ്രമിച്ചത്. എൽഡിഎഫ് ഇല്ലാതായി പോകില്ലെന്ന് താൻ അന്നേ പറഞ്ഞിരുന്നു. ലൈഫ് മിഷൻപിരിച്ചുവിടണമെന്ന യു.ഡി.എഫ് കണ്വീനറുടെ പ്രഖ്യാപനം ജനങ്ങളോടും പാവങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ആഹ്ലാദ പ്രകടനം നടത്തുന്നവർ കൊവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.