frogs-

പാരീസ് : തവളകളുടെ പേരിൽ ഒരു പതിറ്റാണ്ടോളം നീണ്ട നിയമയുദ്ധത്തിന് ശേഷം സ്വകാര്യ വ്യക്തിയുടെ കുളം വറ്റിക്കാൻ ഉത്തരവിട്ട് കോടതി. ഫ്രാൻസിലെ ബോർഡോയ്ക്ക് 70 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രിഗ്‌നോൾസ് ഗ്രാമത്തിലാണ് സംഭവം. മൈക്കൽ - ആനി പെഷറാസ് ദമ്പതികളുടെ വസ്തുവിലുള്ള 300 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കുളം വറ്റിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കാരണം മറ്റൊന്നുമല്ല, കുളത്തിലെ തവളകളുടെ ശബ്ദം അയൽക്കാർക്ക് ഭയങ്കര ശല്യമായി മാറിയിരിക്കുകയാണ്.! തവളകളുടെ ശബ്ദം അയൽക്കാരുടെ ഉറക്കം കെടുത്തുകയാണത്രെ. തന്റെ വീട്ടിൽ നിന്നും തവളകളുടെ കരച്ചിൽ ശബ്ദം 63 ഡെസിബൽ വരെ കേൾക്കാമെന്നാണ് കൂട്ടത്തിൽ ഒരു അയൽക്കാരൻ പറയുന്നത്. എന്നാൽ കുളം വറ്റിച്ചാൽ ഫ്രാൻസിൽ കാണപ്പെടുന്ന സംരക്ഷിത ഇനത്തിൽപ്പെട്ട ആറോളം സ്പീഷിസിൽപ്പെട്ട തവളകളെ ദോഷകരമായി ബാധിക്കുമെന്ന് കാട്ടി പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

2012ലാണ് പ്രദേശവാസികൾ കുളത്തിനും തവളകൾക്കുമെതിരെ ആദ്യമായി കേസ് ഫയൽ ചെയ്തത്. എന്നാൽ കേസ് നൽകിയവർ ആരും തന്നെ തങ്ങളോട് ഒരു പരാതി പോലും പറഞ്ഞില്ലെന്നാണ് മൈക്കൽ - ആനി പെഷറാസ് ദമ്പതികൾ പറയുന്നത്. അന്ന് മുതൽ കേസ് കോടതികളിൽ മാറി മാറി തുടരുകയായിരുന്നു. ഇതിനിടെ തവളകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതിന് മുമ്പ് അവയെ അവിടെ നിന്നും രക്ഷപ്പെടുത്താൻ ചില പരിസ്ഥിതി സംഘടനകൾ ശ്രമിച്ചെങ്കിലും വിഫലമായി. ഇപ്പോൾ കോടതിവിധിയ്ക്കെതിരെ ഫ്രാൻസിലെ പരമോന്നത കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് ദമ്പതികളും പരിസ്ഥിതി സംഘടനകളും.