
മുംബയ്: ഫാസിലിന്റെ 'ഹരികൃഷ്ണൻസ്' സിനിമയിലൂടെ മലയാളിയുടെ മനസിൽ ചേക്കേറിയ ബോളിവുഡ് നടി ജൂഹിചൗള സങ്കടത്തിലാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി അണിഞ്ഞിരുന്ന ഡയമണ്ട് കമ്മൽ നഷ്ടമായെന്നതാണ് നടിയെ വിഷമിപ്പിക്കുന്നത്. പ്രിയപ്പെട്ട കമ്മൽ കണ്ടെത്താൻ സഹായം തേടി സോഷ്യൽമീഡിയയിൽ ജൂഹി പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരിക്കയാണ്.
കമ്മലിലിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ജൂഹി ചൗള ട്വിറ്ററിൽ തന്റെ നഷ്ടത്തെ പറ്റി പറയുന്നത്. കമ്മൽ കണ്ടെത്താൻ ആരാധകർ സഹായിക്കണമെന്നും അമ്പത്തിമൂന്നുകാരിയായ താരം കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്. ദയവായി സഹായിക്കൂ എന്ന ക്യാപ്ഷനോടെയാണ് കുറിപ്പും ചിത്രവും പോസ്റ്റ് ചെയ്തിരിക്കുന്നത്.
' രാവിലെ മുംബയ് എയർപോട്ടിലെ ഗെയിറ്റ് എട്ടിന് സമീപത്തേക്ക് നടക്കുന്നതിനിടയിൽ എമറേറ്റ്സ് കൗണ്ടറിന് സമീപം എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. കമ്മൽ കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ സന്തോഷവതിയാകും, കമ്മൽ കണ്ടെത്തി പൊലീസിനെ അറിയിക്കുന്നവർക്ക് സമ്മാനം നൽകാം.' - നടി ട്വീറ്റിൽ പറയുന്നു.