
കോഴിക്കോട്: സ്വർണം വാങ്ങുമ്പോൾ വില്പനക്കാർ അത് അംഗീകൃത സ്രോതസുകളിൽ നിന്ന് ഉത്തരവാദിത്തത്തോടെ വാങ്ങിയതാണെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കള്ളക്കടത്തായി വൻതോതിൽ അനധികൃത സ്വർണം രാജ്യത്ത് എത്തുന്നുണ്ട്. വ്യാപകമായി ഇതിന്റെ വില്പനയും നടക്കുന്നു.
ഇതറിയാതെ, വഞ്ചിതരാകുന്ന ഉപഭോക്താക്കളുമുണ്ട്. ഇതു തടയാൻ വില്പനക്കാരും ഉപഭോക്താക്കളും ജാഗ്രത കാട്ടണം. വാങ്ങിയ സ്വർണം നിയമവിധേയമാണെങ്കിൽ അത് എക്കാലവും സൂക്ഷിക്കാനും ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും കൊണ്ടുപോകാനും ഉപഭോക്താവിന് കഴിയും. സ്വർണം അംഗീകൃത സ്രോതസിൽ നിന്ന് ശേഖരിച്ചതാണെന്ന് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത വിതരണക്കാർക്കാണ്.
ഇതിലൂടെ വിശ്വാസ്യതയും വില്പനയും വർദ്ധിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അംഗീകൃത സ്രോതസിൽ നിന്നാണ് ഉത്തരവാദിത്തപൂർവം സ്വർണം വാങ്ങുന്നത്. ഇക്കാര്യം മലബാർ ഗോൾഡ് ഉപഭോക്താക്കൾക്ക് നൽകുന്ന 10 പ്രധാന പ്രോമിസുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ലോകത്തെ ഏറ്റവും പ്രിയങ്കരമായ ബ്രാൻഡായി മലബാർ ഗോൾഡിനെ വളർത്തിയതും ഈ ഉറപ്പുകളാണ്.
സ്വർണം നമുക്ക് നിക്ഷേപമോ ആഭരണമോ മാത്രമല്ല, പ്രിയപ്പെട്ടവർക്ക് നാമത് സമ്മാനമായും നൽകാറുണ്ട്. എന്നാൽ ആരുടെയും ചൂഷണവും കണ്ണീരും നിറഞ്ഞതല്ലാത്ത, സത്യസന്ധമായ സ്വർണം സമ്മാനമായി നൽകുമ്പോഴേ അതിന് മൂല്യമുണ്ടാകൂ. വിതരണശൃംഖലയുമായി ബന്ധപ്പെട്ട് സുതാര്യവും കൃത്യവുമായ സംവിധാനം ജുവലറികൾ സ്വീകരിക്കണം. എന്നാലേ, അനധികൃതം സ്വർണത്തിന് തടയിടാനാകൂ.
അന്താരാഷ്ട്രതല വൻ കള്ളക്കടത്ത് മാഫിയയാണ് അനധികൃത സ്വർണത്തിന് പിന്നിലുള്ളത്. ഉദ്യോഗസ്ഥ-ഭരണ സംവിധാനങ്ങൾ പോലും പലപ്പോഴും ഈ മാഫിയകൾക്ക് തുണയാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.