
ബംഗളൂരു: ബംഗളൂരു നഗരത്തെ ഭീതിയിലാഴ്ത്തി, ജനവാസകേന്ദ്രത്തിൽ പ്രവേശിച്ച് 17 വളർത്തുമൃഗങ്ങളെ കൊന്നുതിന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്ത്. നഗരത്തിൽ കറങ്ങിനടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ നന്ദിയിലെ ഇടനാഴിയിൽ സ്ഥാപിച്ച സി.സി ടി.വി കാമറയിലാണ് പതിഞ്ഞത്. ഗിരിനഗർ പൊലീസ് സ്റ്റേഷന് സമീപത്ത് പുലി നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അർദ്ധരാത്രി 12ന് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് പുലി വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഡിസംബർ 11ന് സി.സി ടി.വിയിൽ പതിഞ്ഞതായിരുന്നു ഈ ദൃശ്യങ്ങൾ.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആറ് ആടുകളെയും 11 ആട്ടിൻകുട്ടികളെയും അടക്കം 17 വളർത്തുമൃഗങ്ങളെയായിരുന്നു പുലി പിടിച്ചു കൊണ്ടുപോയത്. ഗിരിനഗറിന് സമീപമുള്ള വീരഭദ്ര നഗറിലെ ഷെഡിനുള്ളിൽ പ്രവേശിച്ചാണ് പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചത്.ഞായറാഴ്ച രാത്രി എട്ടരയോടെ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകി വീട്ടിലേക്ക് പോയതായി ഷെഡിൽ ജോലി നോക്കുന്ന തൊഴിലാളി പറഞ്ഞു. പിറ്റേന്ന് രാവിലെ തിരിച്ചുവന്നപ്പോൾ ആടുകളെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. എന്തായാലും സംഭവത്തിന് ശേഷം രാത്രി അനാവശ്യമായി പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് പരിസരവാസികളോട് നിർദേശിച്ചിട്ടുണ്ട്. പുലിയെ പിടികൂടാനായി പരിശ്രമം തുടങ്ങിയ അവർ നാട്ടുകാരോട് പരിഭ്രാന്തരാകേണ്ട എന്നും അറിയിച്ചിട്ടുണ്ട്.