cm-against

തിരുവനന്തപുരം: ജമാഅത്ത് ഇസ്ലാമിയുമായി യു.ഡി.എഫ് സഖ്യം ചേർന്നത് അവർക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകിട്ട് നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ന് കോൺഗ്രസിനൊപ്പം നിൽക്കുന്നവർ നാളെ അവിടെ കാണുമോ എന്ന് ആലോചിക്കേണ്ടതുണ്ടെന്നും ഇക്കാര്യം അവർ ഗൗരവതരമായി പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും സംഭവിച്ച് പാളിച്ചകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാനമായി ബിജെപിക്കെതിരെയും മുഖ്യമന്ത്രി വിമർശനമഴിച്ചു വിട്ടു. ബിജെപിയുടെ ഇംഗിതങ്ങൾക്ക് അനുസരിച്ച് കേന്ദ്ര ഏജൻസികൾ തുള്ളാൻ ശ്രമിക്കുകയാണെന്നും ബിജെപിക്കാർക്ക് വേണ്ടി കഥകൾ മെനയാനുള്ള ചുമതലയല്ല അന്വേഷണ ഏജൻസികളുടേതെന്നുമാണ് അദ്ദേഹം ആഞ്ഞടിച്ചത്.

ഇടതുപക്ഷം നേടിയ വിജയം ജനങ്ങളുടേതാണെന്നും നാം ഒന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടിയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭരണമുന്നണി വിജയം നേടുന്നത് പതിവുള്ള കാര്യമല്ലെന്നും ഇക്കുറി അതിന് മാറ്റം വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.