telecom

 ചൈനീസ് കമ്പനികളെ തടയുക ലക്ഷ്യം

ന്യൂഡൽഹി: ടെലികോം രംഗത്തെ വിശ്വാസ്യതയുള്ളതും ഇല്ലാത്തതുമായ കമ്പനികളുടെ പട്ടിക പുറത്തിറക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള 'നാഷണൽ സെക്യൂരിറ്റി ഡയറക്‌ടീവ് ഓൺ ടെലികമ്മ്യൂണിക്കേഷൻ സെക്‌ടറിന്" കേന്ദ്ര കാബിനറ്റ് സമിതി അനുമതി നൽകിയതായി കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഡെപ്യൂട്ടി മുഖ്യ ഉപദേഷ്‌ടാവാണ് പട്ടിക തയ്യാറാക്കാനുള്ള പ്രത്യേക സമിതിയെ നയിക്കുകയെന്നും മന്ത്രി പറഞ്ഞു. ടെലികോം ഉത്പന്നങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രത്യേക പട്ടികയാണ് സമിതി തയ്യാറാക്കുക. ഇന്ത്യയിലെ കമ്പനികൾക്ക് ഇതു പരിഗണിച്ച്, വിദേശ കമ്പനികളുമായി ഇടപാട് നടത്താൻ കഴിയും. ചൈനീസ് കമ്പനികളെ തടയുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ പ്രകോപന നടപടികൾക്ക് പിന്നാലെ, 200ലേറെ ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്രം അടുത്തിടെ നിരോധിച്ചിരുന്നു. ചൈനീസ് നിക്ഷേപങ്ങൾക്കും നിയന്ത്രണം കൊണ്ടുവന്നു. 5ജി സംവിധാനം ഒരുക്കുന്ന പ്രവൃത്തികളിൽ നിന്ന് ചൈനീസ് കമ്പനിയായ ഹുവാവേയേയും വിലക്കിയിരുന്നു.

സ്‌പെക്‌ട്രം ലേലം മാർച്ചിൽ

അടുത്ത ടെലികോം സ്‌പെക്‌ട്രം ലേലം മാ‌ർച്ചിൽ നടത്താൻ കേന്ദ്ര കാബിനറ്റിന്റെ അനുമതി. അപേക്ഷകൾ ഈമാസം തന്നെ ക്ഷണിക്കും. 2016ലെ ലേല ചട്ടം തന്നെയാണ് പിന്തുടരുകയെന്ന് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 2,251 മെഗാഹെട്‌സ് സ്‌പെക്‌ട്രമാണ് വിറ്റഴിക്കുക.

എന്നുവരും 5ജി?

5ജി സ്‌പെക്‌ട്രം ലേലത്തിലൂടെ 5.22 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പ്രതീക്ഷ. ലേലത്തിനായി 300 മെഗാഹെട്‌സ് സ്‌പെക്‌ട്രമുണ്ട്. എന്നാൽ, ഇതിൽ 125 മെഗാഹെട്‌സ് നിലവിൽ പ്രതിരോധ, ബഹിരാകാശ മന്ത്രാലയങ്ങൾ ഉപയോഗിക്കുന്നതാണ്. ഇതൊഴിച്ചുള്ള 175 മെഗാഹെട്‌സാകും ടെലികോം കമ്പനികൾക്കായി ലേലത്തിന് വയ്ക്കുക.