
ന്യൂഡൽഹി: പ്രതിരോധ സേനയുമായി ബന്ധപ്പെട്ട് നടത്തിയ പാർലമെന്റ് പാനൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ സേനയിലെ മുഴുവൻ പട്ടാളക്കാർക്കും ഒരേ യുണിഫോം നടപ്പാക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ചയിൽ നിന്നാണ്
രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഇറങ്ങിപോയത്.
സെെനികരെ എങ്ങനെ മികച്ച രീതിയിൽ സജ്ജരാക്കാം എന്ന് ചർച്ച ചെയ്യുന്നതിനുപകരം സായുധ സേനയുടെ യൂണിഫോം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിലൂടെ പാനൽ സമയം പാഴാക്കിക്കളയുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യൻ സേനയിലെ ഓരോ വിംഗുകൾക്കും അവരുടെ യൂണിഫോമുകൾക്കും ചരിത്രവും ഭൂതകാലവുമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ലഡാക്ക് അതിർത്തിയിൽ ചെെനയെ നേരിടുന്ന ഇന്ത്യൻ സേനയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ദേശീയ സുരക്ഷയെ പറ്റിയും പാനൽ ചർച്ചച്ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.പാനൽ ചെയർമാനായ ബി.ജെ.പി എം.പി ജുവൽ ഓറം തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് പങ്കെടുത്തിരുന്ന യോഗത്തിൽ നിന്നാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഇറങ്ങി പോയതെന്നും ശ്രദ്ധേയമാണ്.