spices-

ആഗ്ര : കഴുതയുടെ ചാണകവും ആസിഡും ഉപയോഗിച്ച് വ്യാജ കറി മസാലകൾ നിർമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഹാഥ്‌രസിലാണ് സംഭവം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2002ൽ സ്ഥാപിച്ച സംഘടനയായ ഹിന്ദു യുവ വാഹിനി സംഘടനയിലെ നേതാവായ അനൂപ് വർഷ്‌നിയാണ് അറസ്റ്റിലായത്.

നാവിപൂർ മേഖലയിൽ സ്ഥിതി ചെയ്യുന്ന അനൂപിന്റെ ഫാക്ടറിയിൽ നടത്തിയ റെയ്ഡിൽ മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞൾപ്പൊടി തുടങ്ങിയ കറി മസാലകളാണ് മായം കലർന്നതായി തെളി‌ഞ്ഞതിനെ തുടർന്ന് പിടിച്ചെടുത്തത്. കഴുതയുടെ ചാണകം, ഭക്ഷ്യയോഗ്യമല്ലാത്ത കൃത്രിമ നിറങ്ങൾ നൽകുന്ന വസ്തുക്കൾ, ആസിഡ്, ഉണക്കപ്പുല്ല് തുടങ്ങിയവ ഉപയോഗിച്ചാണ് മസാലകൾ നിർമിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

കഴുതയുടെ ചാണകം ഉണക്കിപ്പൊടിച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. കറി മസാലകളുടെ 27 സാമ്പിളുകൾ പൊലീസ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 300 കിലോഗ്രാമിലധികം മായം കലർന്ന കറി മസാലകൾ പൊലീസ് പിടിച്ചെടുത്തു. ലോക്കൽ ബ്രാൻഡുകളുടെ പേരിലാണ് ഈ വ്യാജ കറി മസാലകൾ പായ്ക്ക് ചെയ്തിരുന്നത്. ഫാക്ടറിയ്ക്ക് ലൈസൻസുമില്ലായിരുന്നു. ഫാകട്റി പൊലീസ് പൂട്ടിച്ചു.