amit-shah

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കര്‍ഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്നു. ഈ ആഴ്ചാവസാനത്തോടെ പശ്ചിമ ബംഗാളിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു കര്‍ഷകന്റെ വീട്ടില്‍ ഭക്ഷണത്തിനെത്തും. ശനിയാഴ്ചയാണ് അമിത് ഷാ കര്‍ഷകന്റെ വീട് സന്ദര്‍ശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഡിസംബര്‍ 19ന് പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലാണ് അമിത് ഷാ കര്‍ഷകന്റെ വീട്ടില്‍ വിരുന്നിനെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബിജെപിയുടെ പുതിയ നീക്കങ്ങള്‍. മുന്‍പ് സംസ്ഥാനത്ത് ഒരു ആദിവാസി കുടുംബത്തില്‍ നിന്നും അമിത് ഷാ ഭക്ഷണം കഴിച്ചിരുന്നു. നവംബറില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ മുകുള്‍ റോയ്, കൈലാഷ് വിജയ് വര്‍ഗീയ എന്നിവര്‍ക്കൊപ്പമായിരുന്നു ബങ്കുര ജില്ലയിലെ കുടുംബത്തെ സന്ദര്‍ശിച്ചത്. എന്നാല്‍ ഇത് പ്രഹസനമാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

ഇതിനിടെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന വന്‍ പ്രക്ഷോഭം മൂന്നാമത്തെ ആഴ്ച പിന്നിട്ടു. ഡല്‍ഹിയിലേയ്ക്കുള്ള റോഡുകള്‍ ഉപരോധിച്ചു കൊണ്ട് പതിനായിരക്കണക്കിന് കര്‍ഷകരാണ് സമരവേദിയിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കുമെന്നും നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. നിയമത്തില്‍ ഭേദഗതികള്‍ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ വഴങ്ങിയിട്ടില്ല.