
ന്യൂഡൽഹി: തുടർച്ചയായ രണ്ടാംമാസവും കയറ്റുമതി മേഖല നഷ്‌ടം നേരിട്ടതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി കുതിച്ചുയരുന്നു. കഴിഞ്ഞമാസം 8.7 ശതമാനം നഷ്‌ടമാണ് കയറ്റുമതിയിലുണ്ടായത്; ഇറക്കുമതി 13.3 ശതമാനവും കുറഞ്ഞു. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി നവംബറിൽ 990 കോടി ഡോളറാണ്.
കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കി. പെട്രോളിയം ഉത്‌പന്നങ്ങൾ (59.7 ശതമാനം), എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ (8.1 ശതമാനം), കെമിക്കൽസ് (8.1 ശതമാനം), വസ്‌ത്രം (1.2 ശതമാനം), ഔഷധം (11.1 ശതമാനം) എന്നിവയാണ് കഴിഞ്ഞമാസം കയറ്റുമതി നഷ്‌ടം കുറിച്ച പ്രധാന മേഖലകൾ.
അതേസമയം, ചൈനയുടെ കയറ്റുമതി കഴിഞ്ഞമാസം 21.1 ശതമാനവും ഇറക്കുമതി 4.5 ശതമാനവും ഉയർന്നു. ചൈനയ്ക്കുള്ളത് വ്യാപാര സർപ്ളസാണ്; 7,540 കോടി ഡോളർ.