surendran-

തിരുവനന്തപുരം:ദേശീയ തലത്തിൽ പോലും ചർച്ചയായ തിരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരം നഗരസഭയിൽ അരങ്ങേറിയത്. ഇടത് കോട്ടകൾ തകർത്തുകൊണ്ട് ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാൽ കോര്‍പ്പറേഷനിൽ താമര വിരിയിക്കാനുള്ള എൻ.ഡി.എയുടെ ശ്രമത്തിന് കടിഞ്ഞാൺ ഇട്ടാണ് ഇടതുപക്ഷം നഗരത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്.

51 സീറ്റുകള്‍ നേടിയാണ് എല്‍.ഡി.എഫ് തിരുവനന്തപുരം നഗരസഭയില്‍ അധികാരം നിലനിറുത്തിയത്. എൻ.ഡി.എയ്‌ക്ക് കഴിഞ്ഞ തവണ നേടാനായ 34 സീറ്റുകൾ മാത്രമാണ് ഇത്തവണയും നേടാനായത്.തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോൾ സ്വീകരിക്കാൻ ബി.ജെ.പി മേയർ എന്നതരത്തിലായിരുന്നു എൻ.ഡി.എയുടെ പ്രചരണം. നിരവധി പ്രമുഖ നേതാക്കളെ രംഗത്തിറക്കി പ്രചരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തതിൽ നിന്നും ഒരു സീറ്റ് പോലും അധികം നേടാൻ ബി.ജെ.പിക്ക് ആയില്ല.

നഗരസഭയുടെ ഭരണം പിടിച്ചെടുക്കാൻ എൻ.ഡി.എയ്ക്ക് കഴിഞ്ഞില്ലെങ്കിലും ഇടതുമുന്നണിയുടെ വിജയ തിളക്കത്തിന് മങ്ങലേൽപ്പിക്കാൻ സാദ്ധിച്ചു.കരിക്കകം ഡിവിഷനിലെ മേയര്‍ കെ ശ്രീകുമാറിന്റെ തോൽവിയും നെടുങ്കാട് ഡിവിഷനിലെ എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി പുഷ്പലതയുടെയും തോൽവിയും ഇതിന് കാരണമാണ്. നഗരസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യു.ഡി.എഫിന് പത്ത് സീറ്റ് മാത്രമാണ് നേടാനായത്.

അതേസമയം കോര്‍പ്പറേഷന് പുറമേ ജില്ലയിലൊട്ടാകെയും എല്‍.ഡി.എഫ് മികച്ച വിജയമാണ് നേടിയത്. 52 ഗ്രാമപഞ്ചായത്തുകളും 11ല്‍ 10 ബ്ലോക്ക് പഞ്ചായത്തുകളും നാല് മുന്‍സിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും ഇടതുപക്ഷം പിടിച്ചെടുത്തു.