pic

കോപ്പൻഹേഗൻ: ഡെൻമാർക്കിലെ തലസ്ഥാനമേഖലയിൽ രണ്ട് പുതിയ ഇനം ഫംഗസുകളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറയുന്നു. സ്ട്രോങ്‌വെൽ‌സി ടൈഗ്രിന, സ്ട്രോങ്‌വെൽ‌സി അസെറോസ എന്ന രണ്ട് ഫംഗസുകളെയാണ് ഗവേഷകർ കണ്ടെത്തിയത്. ഈച്ചകളുടെ ശരീരത്തിൽ കടന്നു കൂടുന്ന ഈ ഫംഗസുകൾ കോശങ്ങളെ തിന്നുകൊണ്ട് അതിനെ ഒരു സോംബിയെ പോലെയാക്കി മാറ്റുമെന്നും ശാത്ര‌‌ജ്ഞർ പറയുന്നു.

കോപ്പൻഹേഗൻ സർവകലാശാലയിലെയും ഡെൻമാർക്കിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണ് ഈച്ചകളെ ബാധിക്കുന്ന പുതിയ ഫംഗസുകളെ കണ്ടെത്തിയത്. ഈച്ചയുടെ ശരീരത്തിൽ കടക്കുന്ന ഫംഗസുകൾ കോശങ്ങൾ തിന്നു കൊണ്ട് ആമാശയത്തിൽ ഒരു ദ്വാരമുണ്ടാക്കുകയും അതിലൂടെ പുറത്തുവരികയും ചെയ്യുന്നു. ഇത് ഈച്ചയെ മരണത്തിലേക്ക് നയിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തി.

ഫംഗസ് ബാധിച്ച ഈച്ചകൾക്ക് ദിവസങ്ങൾ മാത്രമാണ് ജീവിക്കാനാവുക. ഈ കാലയളവിൽ
ഇവയുമായി സമ്പർക്കത്തിലേർപ്പെടുന്ന മറ്റു ഈച്ചകളിലേക്കും രോഗം ബാധിക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ജേണൽ ഓഫ് ഇൻവെർട്ടെബ്രേറ്റ് പാത്തോളജി പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.