
നാദാപുരം: വോട്ടെടുപ്പ് ദിവസം കല്ലാച്ചി തെരുവൻപറമ്പിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ യൂത്ത് ലീഗ് നാദാപുരം മണ്ഡലം സെക്രട്ടറി ഈന്തുള്ളതിൽ ഹാരിസ് ( 34) വോട്ടെണ്ണൽ കേന്ദ്രത്തിൽ അറസ്റ്റിലായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് യു.ഡി. എഫ് സ്ഥാനാർത്ഥിയുടെ കൗണ്ടിംഗ് ഏജന്റായി പുറമേരി കെ.ആർ. ഹൈസ്‌കൂളിലെത്തിയപ്പോഴാണ് ഹാരിസിനെ നാദാപുരം സി.ഐ എൻ.സുനിൽകുമാർ അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട ആറു പേരെ ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
യു.ഡി.എഫ് പ്രവർത്തകരുടെ കല്ലേറിൽ സി.ഐ ഉൾപ്പെടെ 5 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. രണ്ടു പൊലീസ് ജീപ്പുകൾ തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നൂറോളം പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.