
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം പ്രതീക്ഷിച്ച് ജമാ അത്ത് ഇസ്ലാമിയുടെ വെല്‍ഫെയർ പാർട്ടിയുമായി സഖ്യം സ്ഥാപിച്ച കോൺഗ്രസിന് ഏറ്റത് അപ്രതീക്ഷിത തിരിച്ചടി.
ഇരുകൂട്ടർക്കും നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫല സൂചനകൾ വ്യക്തമാക്കുന്നത്.
വെൽഫെയർ പാർട്ടിയുടെ ശക്തി കേന്ദ്രമായ മുക്കം നഗരസഭയില്‍ പോലും പ്രതീക്ഷിച്ച മുന്നേറ്റം യു.ഡി.എഫിന് നേടാനായില്ല. മലബാറില്‍ വെല്‍ഫെയര്‍ ബന്ധം ഗുണം ചെയ്യുമെന്ന മുസ്‌ലിം ലീഗിന്റെ പ്രതീക്ഷയും താളംതെറ്റി. 2015ലെ തിരഞ്ഞെടുപ്പിൽ നേടിയതിനപ്പുറം കാര്യമായ മുന്നേറ്റം നേടാനായില്ലെന്നതും ലീഗിനും യു.ഡി.എഫിനും തിരിച്ചടിയായി. ഇത് യു.ഡി.എഫ് വെല്‍ഫെയര്‍ ബന്ധത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വെല്‍ഫെയര്‍ പാർട്ടിയെ യു.ഡി.എഫ് മുന്നണിയുടെ ഭാഗമാക്കിയത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. മതരാഷ്ട്രവാദ പാര്‍ട്ടിയുമായി യു.ഡി.എഫ് ബന്ധം സ്ഥാപിച്ചു എന്ന എല്‍.ഡി.എഫിന്റെ പ്രചരണം വലിയ രീതിയില്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ബാധിച്ചു. തെക്കന്‍ കേരളത്തിലെ യു.ഡി.എഫിന്റെ ഭൂരിപക്ഷ വോട്ടുകൾ കുറയ്ക്കുന്നതിന് ഇത് കാരണമായി. ഇടുക്കി, കോട്ടയം ജില്ലകളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ നിന്നുള്ള വോട്ട് ചോര്‍ച്ചയ്ക്കും ഇത് കാരണമായി.
2015 ല്‍ വെല്‍ഫെയര്‍ പിന്തുണയോടെ എല്‍.ഡി.എഫ് അധികാരം പിടിച്ച മുക്കം നഗരസഭയില്‍ ഇത്തവണ യു.ഡി.ഫ് വെല്‍ഫെയര്‍ സഖ്യത്തിന് 15 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്.