
ചങ്ങനാശേരി : കുടിവെള്ളം ചോദിച്ചെത്തി വൃദ്ധയെ ആക്രമിച്ച് മൂന്ന് പവന്റെ മാല കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തുരുത്തി ആലഞ്ചേരി ചിന്നമ്മയുടെ  (85) മാല കവർന്ന കേസിൽ പത്തനാപുരം വേടൻതൊണ്ടിൽ വൈശാഖിനെയാണ്  (32) പത്തനാപുരത്ത് നിന്ന് ചങ്ങനാശേരി പൊലീസ് പിടികൂടിയത്. കൂട്ടുപ്രതി ഒളിവിലാണ്.
ഇക്കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. ചങ്ങനാശേരി തുരുത്തിയിൽ പെയിന്റിംഗ് ജോലി അന്വേഷിച്ചെത്തിയ പ്രതികൾ വെള്ളം ചോദിച്ച് വൃദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. വൃദ്ധ തനിച്ചാണെന്ന് മനസിലാക്കിയതോടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സി.സി. ടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. പെരുമ്പാവൂർ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ വൈശാഖ് പത്തനാപുരത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കൂട്ടുപ്രതി പെരുമ്പാവൂർ സ്വദേശിയുമായി ജോലി സ്ഥലത്ത് വെച്ചാണ് പരിചയപ്പെട്ടത്. വൈശാഖിനെ കോടതി റിമാൻഡ് ചെയ്തു.
ചങ്ങനാശേരി ഡിവൈ. എസ്.പി ജോഫിയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ പ്രശാന്തകുമാർ, എസ്.ഐ റാസിഖ്, ക്രൈം എസ്.ഐ രമേശ് ബാബു, എ.എസ്.ഐ ആന്റണി മൈക്കിൾ, എ.എസ്.ഐ ഷിനോജ്, സി.പി.ഒ ആന്റണി, ജിബിൻ ലോബോ എന്നിവരാണ് പ്രതിയെ പിടിച്ചത്. കൂട്ടുപ്രതിയെ രണ്ടു ദിവസത്തിനുള്ളിൽ പിടികൂടുമെന്ന് ഇവർ പറഞ്ഞു.