
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ ഗതാഗത മന്ത്രി സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവച്ചു. മന്ത്രി സ്ഥാനം രാജിവച്ച് മൂന്ന് ആഴ്ചകൾ പിന്നിടുമ്പോഴാണ് സുവേന്ദു പാർട്ടിയിൽ നിന്നും രാജിവയ്ക്കുന്നത്. എം.എൽ.എ സ്ഥാനം രാജിവച്ചതിന് പിന്നാലെ സുവേന്ദു ബി.ജെ.പിയിൽ ചേരുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
"പശ്ചിമ ബംഗാൾ നിയമസഭാ അംഗത്തിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു. രാജി സ്വീകരിക്കാൻ വേണ്ട അടിയന്തര നടപടികൾ കെെക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു." രാജി കത്തിൽ സുവേന്ദു അധികാരി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും തുടർച്ചയായി നേരിടേണ്ടിവന്ന അവഗണനയാണ് രാജിക്ക് കാരണമെന്ന് സുവേന്ദു വ്യക്തമാക്കിയിരുന്നു.
സുവേന്ദുവിനെ തിരികെ കൊണ്ടുവരാൻ തൃണമൂൽ കോൺഗ്രസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലം കണ്ടില്ല.അനുരഞ്ജനത്തിനായി മുതിർന്ന ടി.എം.സി നേതാക്കൾ ശ്രമം നടത്തിയെങ്കിലും സുവേന്ദു ഇത് നിരസിച്ചു. ദിവസങ്ങൾക്ക് ഉള്ളിൽ അമിത് ഷായുടെ ബംഗാൾ സന്ദർശനം നടക്കാനിരിക്കെ സുവേന്ദു ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.അതേസമയം ഒന്നിന് പുറകെ ഒന്നായി മുതിർന്ന പാർട്ടി നേതാക്കൾ രാജിവച്ച് പോകുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് തൃണമൂൽ കോൺഗ്രസ്.