chennithala

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ യു ഡി എഫിന്റെ ദയനീയ പരാജയം പാർട്ടി അന്വേഷിച്ചേക്കും. ഇതിനായി അന്വേഷണ കമ്മിഷനെ നിയമിക്കും എന്നാണ് സൂചന. ജില്ലയിൽ അട്ടിമറി സാദ്ധ്യത സ്വപ്‌നം കണ്ട പല വാർഡുകളിലും യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് തൂത്തെറിയപ്പെടുന്ന കാഴ്‌ചയാണ് കാണാനായത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ വാർഡുകളിലും വിജയിച്ച വാർഡുകളിലും വരെ പാർട്ടി ചിത്രത്തിലില്ലാത്ത സ്ഥിതിയായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തന്നെ കോൺഗ്രസിൽ ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെ അസ്വസ്ഥത പ്രവർത്തകർ പ്രകടിപ്പിച്ചിരുന്നു. പലയിടത്തും സ്ഥാനാർത്ഥി നിർണയത്തിലടക്കം വൻ പാളിച്ചയുണ്ടായിരുന്നു. ഇതിനെതിരെ താഴെ തട്ടിലെ പ്രവർത്തകർ പരാതിപ്പെട്ടിരുന്നെങ്കിലും നേതൃത്വം ചെവിക്കൊണ്ടില്ല. നേമം മണ്ഡലത്തിൽപ്പെട്ട വാർഡുകളിൽ ബി ജെ പി സീറ്റുകൾ വാരിക്കൂട്ടിയപ്പോൾ കോൺഗ്രസിന് നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുളളൂ.

ഘടകക്ഷികൾക്ക് സീറ്റ് വിതം വയ്‌ക്കുന്നതിലും കോൺഗ്രസ് നേതൃത്വത്തിന് വീഴ്‌ച പറ്റി. മറ്റ് രണ്ട് മുന്നണി സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് രണ്ട് റൗണ്ട് ഓടിക്കഴിഞ്ഞ ശേഷമാണ് യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായത്. ഭരണം പിടിച്ചില്ലെങ്കിലും മുപ്പതോളം സീറ്റുകൾ കോർപ്പറേഷനിൽ നേടാനാകും എന്നായിരുന്നു മുന്നണി നേതാക്കളുടെ പ്രതീക്ഷ. എന്നാൽ നിർജീവമായ സംഘടന സംവിധാനവും പ്രചാരണത്തിലെ പിന്നോക്കാവസ്ഥയും എല്ലാം പാർട്ടിക്ക് ക്ഷീണമായി.

പന്ത്രണ്ട് വാർഡുകളിൽ അഞ്ഞൂറിൽ താഴെയാണ് യു ഡി എഫിന് വോട്ട്. നെടുങ്കാട് 74 വോട്ടും വലിയതുറയിൽ 42 വോട്ടും മാത്രമേ യു ഡി എഫിന് നേടാനായുളളൂ. പാർട്ടിയുടെ കനത്ത തോൽവിയിൽ തലസ്ഥാനത്തെ മുൻ മന്ത്രി ഉൾപ്പടെയുളള പല പ്രമുഖ നേതാക്കളും നിലവിൽ ആരോപണ വിധേയരാണ്. വിമത സ്വരം ഉയർത്തുന്നവരെ അനുനയിപ്പിക്കാൻ വേണ്ടിയെങ്കിലും അന്വേഷണ കമ്മിഷൻ ഉണ്ടായേക്കും എന്നാണ് സൂചന.

രാഷ്ട്രീയ കാര്യസമിതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസിന്റെ നിർണായക രാഷ്ട്രീയകാര്യസമിതിയോഗം വൈകുന്നേരം മൂന്നുമണിക്ക് ചേരുന്നുണ്ട്. നേട്ടമുണ്ടാക്കാനാകാതെ പോയതിൽ നേതൃത്വത്തെ കുറ്റപ്പെടുത്തി കെ മുരളീധരനടക്കമുളളവർ രംഗത്തുവന്നതോടെ യോഗം കൂടുതൽ കലുഷിതമായേക്കും.വെൽഫയർ പാർട്ടിയുമായുളള നീക്കുപോക്കിനെച്ചൊല്ലിയുണ്ടായ തമ്മിലടിക്ക് വലിയ വില കൊടുക്കേണ്ടിവന്നുവെന്നാണ് വിലയിരുത്തൽ.

സർക്കാരിനെതിരെ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം ഒറ്റയടിക്ക് തകർന്നതിന്റ നിരാശയിലാണ് നേതൃത്വം. സ്ഥാനാർത്ഥി നിർണയത്തിലെ അപാകത, കെ പി സി സിയുടെ അമിത ഇടപെടൽ, വെൽഫയർ പാർട്ടിയുമായുളള നീക്കുപോക്ക്, യു ഡി എഫ് അനുകൂലമേഖലയിൽ അതുണ്ടാക്കിയ തിരിച്ചടി എല്ലാത്തിനും മറുപടി പറയേണ്ടിവരുന്നത് മുല്ലപ്പളളിയും ചെന്നിത്തലയും ആയിരിക്കും. വെൽഫയർ പാർട്ടിബന്ധത്തിലും ലൈഫ് മിഷനിലും എം എം ഹസന്റ പ്രസ്താവന തിരിച്ചടിയുണ്ടാക്കിയെന്ന തോന്നലാണ് മിക്കവർക്കും. നേതൃത്വത്തെ തുടർച്ചയായി പരിഹസിക്കുന്ന കെ മുരളീധരനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നേക്കും.

സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ ഗ്രൂപ്പ് വീതംവയ്പാണ് തിരിച്ചടിക്ക് കാരണമെന്നാണ് മുല്ലപ്പളളിയെ അനുകൂലിക്കുന്നവരുടെ വാദം. എൽ ഡി എഫിൽ ജോസ് കെ മാണിയുണ്ടാക്കിയ നേട്ടങ്ങളും കോൺഗ്രസ് കാലുവാരിയെന്ന പി ജെ ജോസഫിന്റ പ്രസ്‌താവനയും വീഴ്‌ചകൾ കോൺഗ്രസിന്റേത് മാത്രമാണന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ വിമർശനവും യോഗത്തിൽ ചർച്ചയാകും.