
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനായി കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് അദ്ദേഹം എത്തിയത്. ഇന്ന് ഹാജാരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുളള സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമോയെന്നതിൽ സംശയമായിരുന്നു. എന്നാൽ കോടതി വിധി എതിരാകുമെന്ന വിലയിരുത്തലിലാണ് ചോദ്യം ചെയ്യലിന് അദ്ദേഹം എത്തിയത്.
എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നുവെന്നാവശ്യപ്പെട്ടായിരുന്നു രവീന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. മുമ്പ് മൂന്ന് തവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും സി എം രവീന്ദ്രൻ അസുഖകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല.
കഴിഞ്ഞ മാസം ആറ്, 27 തീയതികളിലും, ഈ മാസം പത്തിനും ഇ ഡി കൊച്ചി ഓഫീസിൽ ഹാജരാകാൻ രവീന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. സ്വപ്‌ന, സരിത്ത്, എം ശിവശങ്കർ എന്നിവരെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെയും ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ, കെ ഫോൺ പദ്ധതികളിലെ ഇടപാടുകളും ഇ ഡി അന്വേഷിക്കുകയാണ്.