
കൊച്ചി : അഞ്ചുവർഷം മുമ്പ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ഉദയംകൊണ്ട ട്വന്റി 20 ഇക്കുറി സമീപത്തെ മൂന്ന് പഞ്ചായത്തുകൾകൂടി പിടിച്ചെടുത്തു. ഇത് കൂടാതെ മറ്റൊരു പഞ്ചായത്തിൽ വലിയ കക്ഷിയാവാനും അവർക്കായി. നാലോളം പഞ്ചായത്തിൽ അഞ്ചുവർഷം കൊണ്ട് പ്രമുഖ കക്ഷിയായി പടരാൻ ആയതിന്റെ ആത്മവിശ്വാസത്തിൽ അടുത്ത നിയമസഭയിലേക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അവർ. ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമസഭയിൽ കാലെടുത്ത് വയ്ക്കാൻ ട്വന്റി 20ക്ക് നിഷ്‌പ്രയാസം കഴിയും എന്നതിന്റെ തെളിവാണ് അഞ്ചോളം പഞ്ചായത്തിൽ ലഭിച്ച മിന്നും ജയം.
കിഴക്കമ്പലം കൂടാതെ, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളാണ് ഇടതു, വലതു മുന്നണികളിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ ഐക്കരനാട്ടിൽ പ്രതിപക്ഷമേ ഇല്ല എന്നതാണ് പ്രത്യേകത. കന്നിമത്സരത്തിൽ തന്നെ ആകെയുള്ള14 സീറ്റും ട്വന്റി 20 നേടി. മഴുവന്നൂരിൽ 19ൽ 14 സീറ്റും കുന്നത്തുനാട്ടിൽ 18ൽ 11 സീറ്റും വെങ്ങോല പഞ്ചായത്തിൽ എട്ടുസീറ്റും ട്വന്റി 20 നേടി. ജില്ലാ പഞ്ചായത്തിൽ രണ്ടു ഡിവിഷനിലും വടവുകോട് ബ്‌ളോക്ക് പഞ്ചായത്തിൽ മത്സരിച്ച ഏഴിൽ അഞ്ചിലും അവർ ജയിച്ചു. അതേ സമയം ട്വന്റി ട്വന്റിയുടെ തട്ടകമായ കിഴക്കമ്പലത്ത് കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റു കൂടി നേടി. 19ൽ 18 സീറ്റും ട്വന്റി 20 പിടിച്ചടക്കി. കഴിഞ്ഞതവണ 17 സീറ്റായിരുന്നു. ചേലക്കുളം വാർഡ് മാത്രമാണ് കൈവിട്ടത്. അവിടെ യു.ഡി.എഫ് സ്വതന്ത്ര അസ്മ അലിയാർ ആണ് ജയിച്ചത്.
ഇക്കുറി വോട്ടെടുപ്പ് ദിവസവും ട്വന്റി 20 വാർത്തകളിൽ നിറഞ്ഞിരുന്നു. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് കുമ്മനോട് വാർഡിൽ വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ സി പി എം പ്രവർത്തകർ അടിച്ചോടിക്കാൻ ശ്രമിച്ചത് ഏറെ ചർച്ചയായിരുന്നു. രണ്ടു മുന്നണികളും പിന്തുണച്ച സ്വതന്ത്ര അമ്മിണി രാഘവനായിരുന്നു ഇവിടെ ട്വന്റി 20യോട് എതിരിട്ടത്. എന്നാൽ ഇവിടെയും ട്വന്റി 20 വിജയിക്കുകയായിരുന്നു. രണ്ടു മുന്നണികളും പിന്തുണച്ച സ്വതന്ത്ര അമ്മിണി രാഘവൻ 658 വോട്ട് നേടിയപ്പോൾ ട്വന്റി 20യുടെ ശ്രീഷ പി.ഡി 808 വോട്ടുനേടിയാണ് ജയിച്ചത്. കിറ്റക്സ് കമ്പനിയുടെ ബാനറിലാണ് ട്വന്റി 20 പിറവിയെടുക്കുന്നത്. ന്യായമായ വിലയിൽ നിത്യോപയോഗ സാധനങ്ങൾ പൊതു വിതരണ മാതൃകയിൽ നൽകിയാണ് ട്വന്റി 20 ജനമനസിൽ ചേക്കേറുന്നത്. പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട് കൃത്യമായി ചിലവഴിച്ചാൽ മാത്രം മതി ജനങ്ങൾക്ക് സുഖകരമായി ജീവിക്കാൻ എന്ന മാതൃകയാണ് ട്വന്റി 20 കാട്ടിത്തരുന്നത്.
ഭരണനേട്ടം കൊണ്ട് ജനശ്രദ്ധയാകർഷിച്ച കിഴക്കമ്പലം മോഡൽ സമീപ പഞ്ചായത്തുകളെ കീഴടക്കിയതിന്റെ ഭീതിയിലാണ് ഇടതുവലതു മുന്നണികൾ ഇപ്പോൾ. ട്വന്റി 20 യുടെ മാതൃകയിൽ സംസ്ഥാനമെമ്പാടും ജനകീയ മുന്നണികൾ രൂപപ്പെടുന്നുണ്ട്. കിഴക്കമ്പലത്തെ ട്വന്റി 20 യുമായി ബന്ധമില്ലെങ്കിലും തീരദേശ പഞ്ചായത്തായ ചെല്ലാനത്ത് ഇതേ പേരിലുള്ള കൂട്ടായ്മ മികച്ച വിജയമാണ് ഇക്കുറി നേടിയത്. രണ്ടാമത്തെ വലിയ കക്ഷിയായി മാറിയ അവർ എട്ട് സീറ്റുകളിൽ വിജയിച്ചു. കൊച്ചിയിൽ രൂപം കൊണ്ട വിഫോർ കൂട്ടായ്മയും നിർണായക സ്വാധീനം വോട്ടർമാരിൽ ചെലുത്തിയിട്ടുണ്ട്.